You are currently viewing മുൻ മാവേലിക്കര എംഎൽഎ എം. മുരളി അന്തരിച്ചു

മുൻ മാവേലിക്കര എംഎൽഎ എം. മുരളി അന്തരിച്ചു

തിരുവനന്തപുരം: മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ എം. മുരളി (73) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദീർഘകാലം പൊതുജീവിതത്തിൽ സജീവമായിരുന്ന അദ്ദേഹം കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ നേതൃപങ്കാണ് വഹിച്ചു വന്നത്.

കോൺഗ്രസിനെ പ്രതിനിധീകരിച്ച് മാവേലിക്കര നിയമസഭാ നിയോജക മണ്ഡലത്തിൽ നിന്നും നാല് തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട എം. മുരളി, കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1972 മുതൽ 1977 വരെ കെഎസ്‌യു ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തിച്ചു. തുടർന്ന് 1977-ൽ കെഎസ്‌യു പ്രസിഡന്റായി നിയമിതനായി.

1978 മുതൽ സംസ്ഥാന കെഎസ്‌യു വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം 1979-ൽ ജനറൽ സെക്രട്ടറിയായും 1980-ൽ സംസ്ഥാന പ്രസിഡന്റായും ചുമതലയേറ്റു. 1982 വരെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.

1982-ൽ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് യുവാക്കളുടെ സെക്രട്ടേറിയറ്റ് മാർച്ച് നയിച്ചതോടെയാണ് എം. മുരളി സംസ്ഥാനതലത്തിൽ കൂടുതൽ ശ്രദ്ധ നേടിയത്. കളിയിക്കാവിളയിൽ നിന്നും വയലാറിലേയ്ക്കുള്ള യൂത്ത് കോൺഗ്രസ് പദയാത്രയും അദ്ദേഹം സംഘടിപ്പിച്ചു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടന്ന കേരള മാർച്ചിന്റെ പ്രധാന സംഘാടകരിൽ ഒരാളുമായിരുന്നു.

1991-ൽ സിപിഎമ്മിന്റെ എസ്. ഗോവിന്ദക്കുറുപ്പിനെ പരാജയപ്പെടുത്തി മാവേലിക്കരയിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തി. 1996-ൽ സി.എം.പിയുടെ പി.എൻ. വിശ്വനാഥനെയും, 2001-ൽ എൻസിപി സ്ഥാനാർത്ഥി എൻ.വി. പ്രദീപ് കുമാറിനെയും പരാജയപ്പെടുത്തി വീണ്ടും എംഎൽഎയായി. 2006-ൽ സിപിഐ(എം)യുടെ ജി. രാജമ്മയെ തോൽപ്പിച്ച് നാലാം തവണയും മാവേലിക്കരയിൽ നിന്ന് വിജയിച്ചു. 2011-ൽ കായംകുളം സീറ്റിൽ മത്സരിച്ചെങ്കിലും സിപിഎം സ്ഥാനാർത്ഥി സി.കെ. സദാശിവനോട് പരാജയപ്പെട്ടു.

എം.ജി. സർവകലാശാലയുടെ ആദ്യ സെനറ്റ് അംഗമായിരുന്ന അദ്ദേഹം കെഎസ്ഇബി കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം, കേരള സംസ്ഥാന ഫിനാൻഷ്യൽ എന്റർപ്രൈസസ് ബോർഡ് ഡയറക്ടർ, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

എം. മുരളിയുടെ നിര്യാണം കോൺഗ്രസ് പാർട്ടിക്കും കേരള രാഷ്ട്രീയത്തിനും വലിയ നഷ്ടമാണെന്ന് നേതാക്കളും പ്രവർത്തകരും അനുശോചന സന്ദേശങ്ങളിൽ പറഞ്ഞു.

Leave a Reply