You are currently viewing ബൈക്ക് യാത്രികരെ ഇടിച്ച ശേഷം കാർ നിർത്താതെ പോയ സംഭവം; നടൻ മണിയൻപിള്ള രാജുവിനെതിരെ അന്വേഷണം

ബൈക്ക് യാത്രികരെ ഇടിച്ച ശേഷം കാർ നിർത്താതെ പോയ സംഭവം; നടൻ മണിയൻപിള്ള രാജുവിനെതിരെ അന്വേഷണം

തിരുവനന്തപുരം: തിരുവനന്തപുരം വഴുതക്കാട് ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽ ബൈക്ക് യാത്രികരെ ഇടിച്ച ശേഷം കാർ നിർത്താതെ കടന്നുകളഞ്ഞ സംഭവത്തിൽ മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ നടൻ മണിയൻപിള്ള രാജുവിന്റെ പേരിലുള്ള വോൾവോ കാർ ഉൾപ്പെട്ടതായാണ് പൊലീസ് സ്ഥിരീകരിച്ചു.

ഇന്നലെ രാത്രി 10 മണിയോടെ ഉണ്ടായ അപകടത്തിൽ തിരുവനന്തപുരം സ്വദേശികളായ നിവേദിത കൃഷ്ണ (20), സൂരജ് (20) എന്നിവർക്ക് സാരമായ പരിക്കേറ്റു. നിവേദിതയ്ക്ക് കാലിൽ ഒടിവും സൂരജിന് നട്ടെല്ലിൽ പരിക്കുമുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇരുവരും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അപകടത്തിന് പിന്നാലെ കാർ നിർത്താതെ പോയതിനെ തുടർന്ന് മ്യൂസിയം പൊലീസ് കേസെടുത്തു. അപകടസ്ഥലത്ത് നിന്ന് ലഭിച്ച കാറിന്റെ ലോഗോയും നമ്പർ പ്ലേറ്റും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് വാഹനം മണിയൻപിള്ള രാജുവിന്റെതാണെന്ന് സ്ഥിരീകരിച്ചത്.

അപകടം നടന്ന സമയത്ത് കാർ ഓടിച്ചത് നടൻ തന്നെയായിരുന്നോയെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. നടനെ നേരിട്ട് ബന്ധപ്പെടാൻ നടത്തിയ ശ്രമങ്ങളിൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും, അദ്ദേഹത്തിന്റെ വസതിയിൽ നടത്തിയ പരിശോധനയിലും കണ്ടെത്താനായില്ലെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, താനാണ് വാഹനം ഓടിച്ചതെന്നും ഭയം മൂലമാണ് അന്ന് കാർ നിർത്താതെ പോയതെന്നും, മദ്യപിച്ചിരുന്നില്ലെന്നും മണിയൻപിള്ള രാജു ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. വിഷയത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply