
തിരുവനന്തപുരം: നഗരത്തിലെ ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽ ഇന്നലെ ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രമുഖ നടൻ മണിയൻപിള്ള രാജുവിനെ പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടം നടന്നത്. ട്രിവാൻഡ്രം ക്ലബ്ബിൽ നിന്ന് വോൾവോ കാറിൽ പുറത്തുവരികയായിരുന്ന രാജുവിന്റെ വാഹനം ഒരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്കിലുണ്ടായിരുന്ന രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. ഇരുവരും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തിന് പിന്നാലെ വാഹനം നിർത്താതെ പോയെന്ന പരാതിയെ തുടർന്നാണ് മ്യൂസിയം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. വെള്ളിയാഴ്ച രാവിലെ പോലീസ് സ്റ്റേഷനിൽ ഹാജരായ മണിയൻപിള്ള രാജുവിനെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. അശ്രദ്ധയായി വാഹനം ഓടിച്ചതിനും, അപകടം സംഭവിച്ചതിന് ശേഷം വാഹനം നിർത്താതെ പോയതിനുമാണ് കേസെടുത്തിരിക്കുന്നത്.
ജനറൽ ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയ്ക്ക് ശേഷം രാജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അപകടസമയത്ത് ഭയം മൂലമാണ് വാഹനം നിർത്താതെ പോയതെന്നും, താൻ മദ്യപിച്ചിരുന്നില്ലെന്നും രാജു മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ഭാഗത്തെ സത്യം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി കാണാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.