You are currently viewing രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് നാളെ മുഖ്യമന്ത്രി തറക്കല്ലിടും

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് നാളെ മുഖ്യമന്ത്രി തറക്കല്ലിടും

കോഴിക്കോട്:
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് നാളെ (ഫെബ്രുവരി 7) മുഖ്യമന്ത്രി തറക്കല്ലിടും. ആരോഗ്യ വകുപ്പിന് കീഴില്‍ കോഴിക്കോട് ചേവായൂരില്‍ നിര്‍മിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് (KOTT) എന്ന അവയവമാറ്റ ആശുപത്രിയുടെ നിര്‍മാണത്തിന് നാളെ രാവിലെ 11.30ന് മുഖ്യമന്ത്രി തറക്കല്ലിടുമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷയാകും.

ചേവായൂരിലെ ത്വക്ക് രോഗ ആശുപത്രി വളപ്പിലെ 20 ഏക്കര്‍ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള അവയവമാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഒരുകുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി രൂപകല്‍പന ചെയ്തിരിക്കുന്നത്.

എല്ലാതരം അവയവമാറ്റ ശസ്ത്രക്രിയകളും സമഗ്രമായി നടത്താന്‍ കഴിയുന്ന രീതിയിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒരുക്കുന്നതെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അറിയിച്ചു. ഇത്തരത്തില്‍ രാജ്യത്തെ ആദ്യത്തെയും ലോകത്തെ മൂന്നാമത്തെയും അവയവമാറ്റ ആശുപത്രിയാണിത്. ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനക്ഷമമാകുന്നതോടെ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകളുടെ ചെലവ് മൂന്നിലൊന്നായി കുറയ്ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ പുതിയൊരു നേട്ടമായി മാറുന്ന പദ്ധതിയിലൂടെ പൊതുജനങ്ങള്‍ക്ക് ഗുണമേന്മയുള്ളതും ചെലവുകുറഞ്ഞതുമായ അവയവമാറ്റ ചികിത്സ ഉറപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ.

Leave a Reply