You are currently viewing സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചാക്കാൻ നീക്കം; സർവീസ് സംഘടനകൾ തത്വത്തിൽ യോജിച്ചു

സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചാക്കാൻ നീക്കം; സർവീസ് സംഘടനകൾ തത്വത്തിൽ യോജിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ചാക്കാനുള്ള നിർദ്ദേശത്തോട് സർവീസ് സംഘടനകൾ തത്വത്തിൽ യോജിച്ചതായി സൂചന. ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത ചർച്ചയിലാണ് ശനിയാഴ്ചയും ഞായറാഴ്ചയും അവധിദിനങ്ങളാക്കുന്ന നിർദ്ദേശത്തിന് സംഘടനകൾ പിന്തുണ അറിയിച്ചത്.

പ്രവൃത്തി ദിനങ്ങൾ അഞ്ചാക്കുന്നതിന്റെ ഭാഗമായി ദിവസേനയുള്ള ജോലി സമയം ഒന്ന് മുതൽ ഒന്നേകാൽ മണിക്കൂർ വരെ വർധിപ്പിക്കാനുള്ള സാധ്യതയുണ്ട്. രാവിലെയും വൈകുന്നേരവും അധിക സമയം ജോലി ചെയ്യേണ്ടിവരും. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടാകാനാണ് സാധ്യത.

ദിവസേന ജോലിസമയം വർധിപ്പിക്കുന്നതിൽ സർവീസ് സംഘടനകൾ യോജിച്ചെങ്കിലും, കാഷ്വൽ ലീവ് കുറയ്ക്കുന്നതിനോടും പൊതുഅവധി ദിവസങ്ങൾ വെട്ടിക്കുറയ്ക്കുന്നതിനോടും സംഘടനകൾ വിയോജിപ്പ് പ്രകടിപ്പിച്ചു. ജീവനക്കാരുടെ അവധി അവകാശങ്ങളിൽ കൈകടത്തുന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് സംഘടനകൾ വ്യക്തമാക്കിയിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട അധിസൂചനാ ഉത്തരവ് പുറപ്പെടുവിക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. ഭരണപരിഷ്കാര കമ്മീഷനും പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷനും സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചാക്കണമെന്ന് നേരത്തെ ശുപാർശ ചെയ്തിരുന്നു.

കേന്ദ്ര സർക്കാർ ഓഫീസുകളുടെ മാതൃക പിന്തുടർന്നാൽ ജീവനക്കാർക്കിടയിൽ മെച്ചപ്പെട്ട വർക്ക്-ലൈഫ് ബാലൻസ് നിലനിർത്താൻ സാധിക്കുമെന്ന വിലയിരുത്തലിലാണ് സർക്കാർ. പുതിയ ക്രമീകരണം നടപ്പിലാക്കിയാൽ ഭരണകാര്യക്ഷമതയും സേവന നിലവാരവും ഉയരുമെന്ന പ്രതീക്ഷയും സർക്കാരിനുണ്ട്.

Leave a Reply