
തിരുവനന്തപുരം:
ഒരു കാരണവശാലും ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) നടപ്പിലാക്കില്ലെന്ന നിലപാട് ആവർത്തിച്ച് വ്യക്തമാക്കി കേരള സർക്കാർ. 2027-ൽ രാജ്യത്ത് സെൻസസ് നടപടികൾ പുനരാരംഭിക്കാനിരിക്കെ, അതിന്റെ ഭാഗമായി കേരളത്തിൽ എൻപിആർ നടപ്പാക്കില്ലെന്ന് ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സർക്കാർ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു.

പൗരത്വ ഭേദഗതി നിയമം (സിഎഎ) ഒരു പ്രത്യേക മതവിശ്വാസത്തെ പൗരത്വം നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡമാക്കി മാറ്റുന്നതിലൂടെ പുറന്തള്ളലിന്റെ രാഷ്ട്രീയമാണ് മുന്നോട്ടുവെക്കുന്നതെന്ന് സംസ്ഥാന സർക്കാർ വിലയിരുത്തുന്നു. അതിനാൽ തന്നെ, അങ്ങേയറ്റം വിവേചനപരവും ഭരണഘടനാ വിരുദ്ധവുമായ സിഎഎയും പൗരത്വ രജിസ്റ്ററും (എൻആർസി) കേരളത്തിൽ നടപ്പാക്കില്ലെന്ന ഉറച്ച നിലപാടിലാണ് എൽഡിഎഫ് സർക്കാർ.
എൻആർസിയുടെ മുന്നോടിയായുള്ള പ്രക്രിയയായി കണക്കാക്കപ്പെടുന്ന ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) ഒരു സാഹചര്യത്തിലും കേരളത്തിൽ നടപ്പാക്കില്ലെന്ന് പുതിയ വിജ്ഞാപനത്തിലൂടെ സർക്കാർ വീണ്ടും വ്യക്തമായി വ്യക്തമാക്കുന്നു. പൗരന്മാരുടെ അവകാശങ്ങളും സാമൂഹിക സൗഹാർദ്ദവും സംരക്ഷിക്കുന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും, ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമെന്നും വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നു.