
കൊച്ചി: കോൺഫിഡൻസ് ഗ്രൂപ്പ് ചെയർമാൻ സിജെ റോയിയുടെ ഓഫീസിൽ നടന്നത് ആദായ നികുതി വകുപ്പിന്റെ പതിവ് പരിശോധന മാത്രമാണെന്ന് എംഡി ടിഎ ജോസഫ് വ്യക്തമാക്കി. പരിശോധനയ്ക്കായി എത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വളരെ മാന്യമായാണ് പെരുമാറിയതെന്നും ആരെയും മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും അവരെ ശത്രുക്കളായി കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കമ്പനിക്കു കള്ളപ്പണമോ ബിനാമി ഇടപാടുകളോ ഇല്ലെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്നും ജോസഫ് വ്യക്തമാക്കി. മരിച്ച ഒരാളെ പോലും വേട്ടയാടുന്ന തരത്തിലുള്ള പ്രചാരണങ്ങൾ ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഫിഡൻസ് ഗ്രൂപ്പിന് കടബാധ്യതകളില്ലെന്നും നിക്ഷേപകരുടെ പണം നഷ്ടപ്പെടില്ലെന്നും എല്ലാ പ്രോജക്ടുകളും തടസ്സമില്ലാതെ മുന്നോട്ടുപോകുമെന്നും അദ്ദേഹം ഉറപ്പു നൽകി. മരിച്ച വ്യക്തിയെ പോലും വെറുതെ വിടാതെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന ഓൺലൈൻ ചാനലുകളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. കമ്പനിയെയും കുടുംബത്തെയും തകർക്കാൻ ശ്രമിക്കുന്നവർ തെളിവുണ്ടെങ്കിൽ അത് ഹാജരാക്കണമെന്ന് അദ്ദേഹം വെല്ലുവിളിച്ചു.
നടൻ മോഹൻലാൽ ഉൾപ്പെടെയുള്ള പ്രമുഖർ കമ്പനിയിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന വാർത്തകൾ എംഡിഎ നിഷേധിച്ചു. അവർ കുടുംബ സുഹൃത്തുക്കൾ മാത്രമാണെന്നും കമ്പനി പുറമേനിന്ന് നിക്ഷേപങ്ങൾ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിജെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ ഏജൻസിയുടെ നടപടികളിൽ പൂർണ തൃപ്തിയുണ്ടെന്നും എംഡി ടിഎ ജോസഫ് പറഞ്ഞു.