You are currently viewing കൊച്ചി ക്യാൻസർ സെന്ററിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

കൊച്ചി ക്യാൻസർ സെന്ററിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

കൊച്ചി: കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തിന് വലിയ മുന്നേറ്റമാകുന്ന കൊച്ചി ക്യാൻസർ സെന്ററിന്റെ പുതിയ കെട്ടിടം ഇന്ന് കളമശ്ശേരിയിൽ ബഹുമാന്യനായ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ലോകോത്തര സൗകര്യങ്ങളോടുകൂടി നിർമ്മിച്ച ഈ കെട്ടിടം സംസ്ഥാനത്തെ കാൻസർ ചികിത്സാ രംഗത്ത് നിർണായകമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

ആദ്യഘട്ടത്തിൽ 6.35 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് കെട്ടിടം പൂർത്തീകരിച്ചിരിക്കുന്നത്. തുടക്കത്തിൽ 100 രോഗികളെ കിടത്തി ചികിത്സിക്കാനാകുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. തുടർന്ന് 370 രോഗികളെ വരെ കിടത്തി ചികിത്സിക്കാവുന്ന രീതിയിൽ ശേഷി വർധിപ്പിക്കും. ഒമ്പത് നിലകളിലായി 449 കോടി രൂപ ചെലവഴിച്ചാണ് കൊച്ചി ക്യാൻസർ സെന്റർ യാഥാർത്ഥ്യമായത്.

300 കിടക്കകളുള്ള സെന്ററിൽ ആധുനിക സാങ്കേതിക സൗകര്യങ്ങളോടുകൂടിയ 10 ഓപ്പറേഷൻ തിയേറ്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇതിൽ ഒന്ന് പൂർണമായും റോബോട്ടിക് സംവിധാനത്തിലാണ് പ്രവർത്തിക്കുക. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗകര്യപ്രദമായി 15ഓളം ലിഫ്റ്റുകളും 350ഓളം കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ കാൻസർ ചികിത്സാ രംഗത്ത് ചികിത്സാ ലഭ്യത വർധിപ്പിക്കുകയും പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ള ചികിത്സ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുകയും ചെയ്യുന്നതിൽ കൊച്ചി ക്യാൻസർ സെന്റർ വലിയ പങ്കുവഹിക്കുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ വ്യക്തമാക്കുന്നത്. കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തിന് ഈ ക്യാൻസർ സെന്റർ വലിയൊരു മുതൽക്കൂട്ടാകുമെന്നതിൽ സംശയമില്ല.

Leave a Reply