
മൂവാറ്റുപുഴ: വാക്കുതർക്കത്തെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ ഒഡീഷ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ കേന്ദ്രപ്പാറ സ്വദേശി ശരത് മഹാറാണ (മിട്ടു–36) യെയാണ് മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഒഡീഷ കേന്ദ്രപ്പാറ സ്വദേശിയായ രാകേഷ് ബെഹ്റ (26) ആണ് കൊല്ലപ്പെട്ടത്.

മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പൈനാപ്പിൾ സിറ്റിയിൽ പ്രവർത്തിക്കുന്ന ഒരു പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ പ്രതി ഹാക്സോ ബ്ലേഡ് ഘടിപ്പിച്ച കത്തി ഉപയോഗിച്ച് രാകേഷ് ബെഹ്റയുടെ നെഞ്ചിൽ രണ്ടുതവണ കുത്തിയതായാണ് പൊലീസ് പറയുന്നത്.
ഗുരുതരമായി പരിക്കേറ്റ രാകേഷിനെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിച്ചു.
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.