
കൊച്ചി: ശബരിമല സ്വർണ്ണകൊള്ള കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചു. കേസിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് വ്യക്തത വരുത്തുന്നതിനായി ഫെബ്രുവരി 17-ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകണമെന്ന് നിർദേശിച്ചിട്ടുണ്ട്.

ശബരിമല സ്വർണ്ണകൊള്ള കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ തേടുന്നതിനായാണ് ജയറാമിനെ ചോദ്യം ചെയ്യുന്നത്. ആത്മീയ കാര്യങ്ങൾക്കായുള്ള പൂജകൾ മാത്രമാണ് നടത്തിയതെന്നും, ഇതിന് പുറമെ മറ്റ് ഏതൊരു ക്രമക്കേടുകളുമായും തനിക്ക് ബന്ധമില്ലെന്നും ജയറാം മുൻപ് പ്രത്യേക അന്വേഷണ ഏജൻസിയുടെ(എസ് ഐ ടി) ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിരുന്നു.
ശബരിമലയിലെ സ്വർണ്ണപ്പാളികൾ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായാണ് ഇപ്പോൾ ഇഡി അന്വേഷണം പുരോഗമിക്കുന്നത്. കേസിൽ ഉണ്ടായ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് തുടർ ചോദ്യം ചെയ്യലുകൾ നടക്കുന്നത്.