
കോട്ടയം:തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ശേഷം ഓടി മറഞ്ഞയാളെ കണ്ടെത്തി സമയബന്ധിതമായി ആശുപത്രിയിലെത്തിച്ച് കോട്ടയം വെസ്റ്റ് പോലീസ്. ഫെബ്രുവരി 10ന് രാത്രി 9.30ഓടെ വേളൂർ സ്വരമുക്ക് ഭാഗത്ത് ഒരാൾ വീട്ടിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ നിന്ന് സ്റ്റേഷൻ ജീപ്പിൽ എസ്.ഐ ജയകുമാറും സി.പി.ഒ പ്രതാപനും സ്ഥലത്തെത്തി.

പോലീസ് എത്തുന്നതിനിടെ മദ്യലഹരിയിലായിരുന്ന ഗൃഹനാഥൻ മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് സ്വയം തീ കൊളുത്തുകയും തുടർന്ന് വീട്ടിൽ നിന്നു ഓടിപ്പോവുകയും ചെയ്തു. സംഭവമറിഞ്ഞതോടെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് വ്യാപകമായ തിരച്ചിൽ നടത്തി. ഏറെ നേരത്തെ തെരച്ചിലിനൊടുവിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ഇയാളെ കണ്ടെത്തി.
ഉടൻ തന്നെ ആംബുലൻസിൽ കയറ്റി ഭാര്യയെയും ബന്ധുക്കളെയും ഒപ്പമെടുത്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പോലീസ്–നാട്ടുകാർ സംയുക്തമായി നടത്തിയ സമയോചിതമായ ഇടപെടലാണ് 40 ശതമാനത്തിലധികം പൊള്ളലേറ്റയാളെ ജീവൻ രക്ഷിക്കാനായി ആശുപത്രിയിലെത്തിക്കാൻ സഹായകമായത്.
ടൈൽ പണിക്കാരനായ ഇയാൾക്ക് സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നുവെന്നും, വീട് ജപ്തി ഭീഷണിയിലായിരുന്നുവെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് കോട്ടയം വെസ്റ്റ് പോലീസ് വ്യക്തമാക്കി.