You are currently viewing ദേശീയ പണിമുടക്ക് നാളെ; അവശ്യ സർവീസുകൾ ഒഴിവാക്കി, സ്വകാര്യ വാഹനങ്ങൾ തടയില്ല

ദേശീയ പണിമുടക്ക് നാളെ; അവശ്യ സർവീസുകൾ ഒഴിവാക്കി, സ്വകാര്യ വാഹനങ്ങൾ തടയില്ല

തിരുവനന്തപുരം: നാളെ (2026 ഫെബ്രുവരി 12, വ്യാഴാഴ്ച) നടക്കുന്ന ദേശീയ പണിമുടക്കിൽ അവശ്യ സർവീസുകളെ ഒഴിവാക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ സമരസമിതി അറിയിച്ചു. ശബരിമല തീർത്ഥാടനം, മാരാമൺ കൺവെൻഷൻ, ആശുപത്രികൾ, ആംബുലൻസ് സേവനങ്ങൾ, മെഡിക്കൽ ഷോപ്പുകൾ, പാൽ വിതരണം, പത്രവിതരണം, ഫയർഫോഴ്‌സ് തുടങ്ങിയ അനിവാര്യ വിഭാഗങ്ങൾ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങൾ തടയില്ലെന്നും സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ പൊതുഗതാഗതം പൂർണമായോ ഭാഗികമായോ നിലയ്ക്കാൻ സാധ്യതയുണ്ടെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ അറിയിച്ചു. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള പൊതുമേഖല ഗതാഗത സ്ഥാപനങ്ങളും സ്വകാര്യ ബസുകൾ, ടാക്സികൾ, ഓട്ടോറിക്ഷകൾ എന്നിവയും സർവീസ് നടത്താനുള്ള സാധ്യത കുറവാണ്. കെ.എസ്.ഇ.ബി ഉൾപ്പെടെ പൊതുമേഖല സ്ഥാപനങ്ങൾ മുഴുവൻ പണിമുടക്കിൽ പങ്കെടുക്കും.

ബാങ്കുകൾ, സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനത്തെ പണിമുടക്ക് ബാധിക്കാനിടയുണ്ടെന്നും കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുമെന്നും ട്രേഡ് യൂണിയൻ നേതാക്കൾ അറിയിച്ചു. പൊതുജനങ്ങൾ യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും അഭ്യർത്ഥനയുണ്ട്.

പുതിയ ലേബർ കോഡുകൾ പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയനുകൾ ദേശീയ പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. കർഷക സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി ഏകദേശം 40 കോടി തൊഴിലാളികൾ സമരത്തിൽ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്.

കേരളത്തിൽ പണിമുടക്ക് സംയുക്തമല്ലെന്നും ഇടത്–വലത് ട്രേഡ് യൂണിയനുകൾ പ്രത്യേകമായാണ് പണിമുടക്കുക എന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു.

Leave a Reply