You are currently viewing വൈപ്പിൻ മണ്ഡലത്തിൽ കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതിക്ക് തുടക്കം; ബോൾഗാട്ടിയിൽ ഉദ്ഘാടനം

വൈപ്പിൻ മണ്ഡലത്തിൽ കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതിക്ക് തുടക്കം; ബോൾഗാട്ടിയിൽ ഉദ്ഘാടനം

പ്രകൃതിഭംഗിയും ചരിത്രസ്മരണകളും തുളുമ്പുന്ന വൈപ്പിൻ മണ്ഡലം ഇനി വലിയൊരു വിനോദസഞ്ചാര കേന്ദ്രമാകുന്നു. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ വിഭാവനം ചെയ്ത കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതിക്ക് ബോൾഗാട്ടിയിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം എംഎൽഎ നിർവഹിച്ചു.
നവോത്ഥാന നായകരായ സഹോദരൻ അയ്യപ്പൻ, ദാക്ഷായണി വേലായുധൻ, സിസ്റ്റർ ഏലീശാമ്മ, പി.കെ. ബാലകൃഷ്ണൻ, സർവ്വോദയം കുര്യൻ എന്നിവരുടെ ജന്മനാടുകളുടെ ചരിത്രവും കടമക്കുടിയുടെ കായൽ സൗന്ദര്യവും കോർത്തിണക്കിയാണ് യാത്ര ഒരുക്കിയിരിക്കുന്നത്. ആദ്യ യാത്രയുടെ ഭാഗമായി തൊടുപുഴയിൽ നിന്നെത്തിയ അമ്പതംഗ യാത്രാസംഘത്തെ എംഎൽഎ സ്വാഗതം ചെയ്തു.

എറണാകുളം മറൈൻ ഡ്രൈവിലെ വാട്ടർ മെട്രോയിൽ നിന്ന് ആരംഭിക്കുന്ന യാത്ര ബോൾഗാട്ടി വഴി താന്തോന്നിതുരുത്ത്, ചെറിയാൻതുരുത്ത്, കടമക്കുടി എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചാണ് സഞ്ചരിക്കുന്നത്. കായലിന്റെ മനോഹാരിത ആസ്വദിച്ചുകൊണ്ടുള്ള ഈ ജലയാത്ര സഞ്ചാരികൾക്ക് വേറിട്ട അനുഭവം നൽകുന്നതാണ്.

ഉച്ചഭക്ഷണത്തിന് ശേഷം മാലിപ്പുറം, എളങ്കുന്നപ്പുഴ ബീച്ച് എന്നിവ സന്ദർശിക്കുന്ന രീതിയിലാണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്. ഉച്ചഭക്ഷണം, ചായ, ലഘുഭക്ഷണം, എൻട്രി ഫീസ് എന്നിവ ഉൾപ്പെടുന്ന ബജറ്റ് പാക്കേജാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്.
മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് അക്വിലിൻ ലോപ്പസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക മുഖ്യാതിഥിയായി പങ്കെടുത്തു. കേരള ട്രാവൽ മാർട്ട് സെക്രട്ടറി എസ്. സ്വാമിനാഥൻ മുഖ്യപ്രഭാഷണം നടത്തി. കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. ആൻ്റണി, എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബർണാഡ് ബെന്നി, വാർഡ് അംഗം മേരി ഡിഷ ഡിസിൽവ, ബിടിസി സംസ്ഥാന കോ-ഓർഡിനേറ്റർ ആർ. സുനിൽകുമാർ, സംരംഭകൻ മനോജ് പടമാടൻ, എടിഒവി അജിത്ത് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply