
കൊല്ലം: കൊല്ലം–എറണാകുളം–കൊല്ലം (06169/70), കൊല്ലം–കോട്ടയം–കൊല്ലം (66315/16) റൂട്ടുകളിൽ സർവീസ് നടത്തുന്ന മെമു ട്രെയിനുകളുടെ കോച്ചുകളുടെ എണ്ണം എട്ടിൽ നിന്ന് പന്ത്രണ്ടായി വർധിപ്പിക്കാൻ തീരുമാനമായതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.

ഇരു സർവീസുകളിലും കോച്ചുകളുടെ എണ്ണം പന്ത്രണ്ടായി ഉയർത്തിയതോടെ സ്ഥിരം യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്ന് എംപി വ്യക്തമാക്കി. പ്രതിദിനം ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ഈ റൂട്ടുകളിൽ തിരക്ക് കുറയാനും യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാകാനും ഇത് സഹായകരമാകും. ഫെബ്രുവരി 23 മുതൽ കോച്ചുകളുടെ വർധനവ് പ്രാബല്യത്തിൽ വരും.
കഴിഞ്ഞ ഓഗസ്റ്റിൽ ഈ വിഷയം ആദ്യമായി റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ 16 കോച്ചുകൾ അനുവദിക്കാമെന്ന ഉറപ്പ് ലഭിച്ചിരുന്നെങ്കിലും, ആവശ്യത്തിന് മെമു കോച്ചുകളുടെ നിർമ്മാണം നടക്കാത്തതിനാൽ പുതിയ കോച്ചുകൾ ലഭ്യമാക്കുന്നതിൽ തടസ്സങ്ങൾ നിലനിന്നിരുന്നു. കൊല്ലം–എറണാകുളം റൂട്ടിലെ അതിരൂക്ഷമായ തിരക്ക് വീണ്ടും മന്ത്രിയെ ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് മറ്റ് സോണുകളിൽ നിന്ന് ലഭ്യമായ റേക്കുകൾ ദക്ഷിണ റെയിൽവേയ്ക്ക് കൈമാറി ആദ്യഘട്ടമായി എട്ടിൽ നിന്ന് പന്ത്രണ്ടിലേക്ക് കോച്ചുകളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനമായത്.
എന്നാൽ 16 കോച്ചുകളുടെ ആവശ്യം ന്യായമായതാണെന്നും, അധികമായി നാലു കോച്ചുകൾ കൂടി ലഭ്യമാക്കുന്നതിനുള്ള ഇടപെടലുകൾ തുടരുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.