
കേരള മാരിടൈം ബോർഡിന് കീഴിലുള്ള കൊല്ലം, ബേപ്പൂർ തുറമുഖങ്ങളെ പബ്ലിക്–പ്രൈവറ്റ് പാർട്ണർഷിപ്പ് (PPP) മാതൃകയിൽ വികസിപ്പിക്കുന്നതിന് മന്ത്രിസഭാ യോഗം ഇന്ന് അനുമതി നൽകി. ഇതിന്റെ ഭാഗമായി കൊല്ലം, ബേപ്പൂർ തുറമുഖങ്ങളെക്കുറിച്ച് വിശദമായ പ്രൊജക്ട് റിപ്പോർട്ട് (DPR) തയ്യാറാക്കുകയും, ഓരോ തുറമുഖത്തിനും അനുയോജ്യമായ വികസന മാതൃകകൾ അടിസ്ഥാനമാക്കി പദ്ധതികൾ നടപ്പാക്കുകയും ചെയ്യും.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനൊപ്പം കൊല്ലം, ബേപ്പൂർ തുറമുഖങ്ങളും വികസിക്കുന്നതോടെ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ വൻ മുന്നേറ്റമുണ്ടാകുമെന്ന് വിലയിരുത്തുന്നു. തുറമുഖ വികസനം തൊഴിൽ സൃഷ്ടിക്കും, ലജിസ്റ്റിക്സ്, വ്യാപാരം തുടങ്ങിയ മേഖലകൾക്ക് പുതിയ ഊർജ്ജം നൽകും.
അതേസമയം, വിവിധ തുറമുഖങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് ചരക്ക് നീക്കം കൂടുതൽ കാര്യക്ഷമമാക്കാനും, ടൂറിസം ഉൾപ്പെടെയുള്ള അനുബന്ധ മേഖലകളിൽ പുതിയ സാധ്യതകൾ ഉപയോഗപ്പെടുത്താനും ഈ പദ്ധതി സഹായകരമാകും. ഇതുവഴി ലോക സമുദ്ര ഭൂപടത്തിൽ കേരളത്തിന് പ്രത്യേക സ്ഥാനം ഉറപ്പിക്കാനും കഴിയുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.