You are currently viewing വിരമിച്ച മിലിട്ടറി നഴ്‌സിംഗ് സർവീസ്  അംഗങ്ങൾക്ക് ഇനി എക്‌സ്-സർവീസ്‌മെൻ സ്റ്റാറ്റസ്

വിരമിച്ച മിലിട്ടറി നഴ്‌സിംഗ് സർവീസ് അംഗങ്ങൾക്ക് ഇനി എക്‌സ്-സർവീസ്‌മെൻ സ്റ്റാറ്റസ്

വിരമിച്ച മിലിട്ടറി നഴ്‌സിംഗ് സർവീസ് (MNS) അംഗങ്ങൾക്ക് ഇനി എക്‌സ്-സർവീസ്‌മെൻ സ്റ്റാറ്റസ് ലഭിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. Ex-Servicemen (Re-deployment in Central Civil Services & Posts) Amendment Rules, 2026 പ്രകാരമാണ് ഈ അംഗീകാരം നൽകിയത്.

രാജ്യത്തിന്റെ സായുധസേനയിലെ സൈനികരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ എം.എൻ.എസ്. അംഗങ്ങൾ നിർണായക പങ്ക് വഹിച്ചുവരുന്നതായി എംപി പറഞ്ഞു. യുദ്ധമേഖലകളിലും അത്യന്തം ദുഷ്കരമായ സാഹചര്യങ്ങളിലും സമർപ്പണത്തോടെ സേവനം അനുഷ്ഠിച്ചിട്ടുണ്ടെങ്കിലും, 1986 ഒക്ടോബർ 27-ലെ നോട്ടിഫിക്കേഷൻ പ്രകാരം മുൻ സൈനികർക്കുള്ള ആനുകൂല്യങ്ങൾ റെഗുലർ ആർമി, നാവികസേന, വ്യോമസേന അംഗങ്ങൾക്കായി മാത്രം പരിമിതപ്പെടുത്തിയിരുന്നതിനാൽ എം.എൻ.എസ്. അംഗങ്ങൾക്ക് ഇതുവരെ എക്‌സ്-സർവീസ്‌മെൻ അംഗീകാരം ലഭിച്ചിരുന്നില്ല.

മിലിട്ടറി നഴ്‌സിംഗ് സർവീസ് അംഗങ്ങളെ വിരമിച്ചതിന് ശേഷം മുൻ സൈനികരുടെ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം 2024 ഒക്ടോബർ 26-ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനോട് നേരിട്ട് ഉന്നയിക്കുകയും, അനുകൂല നടപടി ആവശ്യപ്പെട്ട് കത്ത് നൽകുകയും ചെയ്തിരുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി. ഇതോടൊപ്പം പാർലമെന്റിലും ഈ വിഷയം ശക്തമായി ഉന്നയിച്ചതിന്റെ ഫലമായാണ് ഇപ്പോഴത്തെ തീരുമാനം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ഈ തീരുമാനം എം.എൻ.എസ്. അംഗങ്ങളുടെ വർഷങ്ങളായുള്ള സേവനത്തിന് ലഭിച്ച അർഹമായ അംഗീകാരമാണെന്നും, വിരമിച്ച ശേഷം വിവിധ സർക്കാർ സേവനങ്ങളിൽ പുനർനിയമനത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും ഇത് വഴിയൊരുക്കുമെന്നും എംപി കൂട്ടിച്ചേർത്തു.

Leave a Reply