You are currently viewing ഇഎസ്ഐ മെഡിക്കൽ കോളേജ്: എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകാത്തതിനെതിരെ കേന്ദ്ര തൊഴിൽ മന്ത്രി

ഇഎസ്ഐ മെഡിക്കൽ കോളേജ്: എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകാത്തതിനെതിരെ കേന്ദ്ര തൊഴിൽ മന്ത്രി

ന്യൂഡൽഹി: തൊഴിലാളികൾക്കായി കേരളത്തിന് അനുവദിച്ച ഇഎസ്ഐ മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിന് സംസ്ഥാന സർക്കാർ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി മൺസുഖ് മണ്ഡാവ്യ ലോകസഭയിൽ പറഞ്ഞു. മെഡിക്കൽ കോളേജ് ആരംഭിക്കാൻ സംസ്ഥാന സർക്കാരിന്റെ സർട്ടിഫിക്കറ്റ് അനിവാര്യമാണെന്നും, അത് നൽകാത്തതിനെ തുടർന്ന് പദ്ധതി മുന്നോട്ടുപോകാനാകാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

തൊഴിലാളികൾക്കായി അനുവദിച്ച മെഡിക്കൽ കോളേജ് ആരംഭിക്കാൻ അവസരം നിഷേധിക്കുന്ന സംസ്ഥാന സർക്കാരിന് തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കാൻ അർഹതയില്ലെന്നും മന്ത്രി വിമർശിച്ചു.

ഈ മെഡിക്കൽ കോളേജ് ആരംഭിച്ചാൽ യുവാക്കൾക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ ലഭിക്കുകയും, 200 മുതൽ 300 വരെ പേർക്ക് നേരിട്ടുള്ള തൊഴിൽ സാധ്യത ഉണ്ടാകുകയും ചെയ്തേനെയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ സംസ്ഥാന സർക്കാർ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ നാഷണൽ മെഡിക്കൽ കമ്മീഷനിലേക്ക് അപേക്ഷ നൽകാൻ കഴിയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യവസായ ബന്ധ നിയമ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് മറുപടി നൽകുന്നതിനിടെയാണ് കേന്ദ്ര തൊഴിൽ മന്ത്രി മൺസുഖ് മണ്ഡാവ്യ ഈ വിഷയത്തിൽ ലോകസഭയിൽ വിശദീകരണം നൽകിയത്.

Leave a Reply