
ന്യൂഡൽഹി: ട്രെയിനുകളിലെ ജനറൽ കോച്ചുകൾക്കും ഇനി ഫസ്റ്റ് ക്ലാസ് കോച്ചുകൾക്ക് സമാനമായ ശുചിത്വം ഉറപ്പാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ഇന്ന് ന്യൂഡൽഹിയിൽ നടന്ന റെയിൽവേ പരിഷ്കരണങ്ങളെക്കുറിച്ചുള്ള വാർത്താസമ്മേളനത്തിലാണ് മന്ത്രി ഈ സുപ്രധാന തീരുമാനം അറിയിച്ചത്.

ആദ്യഘട്ടമായി അടുത്ത ആറുമാസത്തിനുള്ളിൽ 80 ദീർഘദൂര ട്രെയിനുകളെ ശുചീകരണ നിലവാരം മെച്ചപ്പെടുത്തുന്നതിനായി തെരഞ്ഞെടുത്ത് പ്രത്യേക പദ്ധതി നടപ്പിലാക്കും. ഈ ട്രെയിനുകളിൽ ഒന്ന് മുതൽ ഒന്നര മണിക്കൂർ ഇടവേളയിൽ ശുചീകരണം നടത്തുന്നതിനായി സമർപ്പിത ജീവനക്കാരെ വിന്യസിക്കുമെന്നും മന്ത്രി അറിയിച്ചു.
ട്രെയിനുകളിലെ ടോയ്ലറ്റുകൾ, മാലിന്യ ബിന്നുകൾ, കോച്ചുകൾ എന്നിവയുടെ തുടർച്ചയായ ശുചീകരണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ വ്യത്യസ്ത ഏജൻസികൾ കൈകാര്യം ചെയ്തിരുന്ന ബെഡ്ഷീറ്റ് വിതരണം, ശേഖരണം, പാക്കിംഗ്, ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ ഇനി മുതൽ ഏക ഏജൻസി മുഖേന നടത്തുന്നതിലൂടെ കൂടുതൽ ഉത്തരവാദിത്വവും കാര്യക്ഷമതയും ഉറപ്പാക്കാനാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഏകദേശം 180 റെയിൽവേ പരിഷ്കരണങ്ങൾ നടപ്പിലാക്കിയതായി മന്ത്രി ചൂണ്ടിക്കാട്ടി. ഈ വർഷം 52 ആഴ്ചയ്ക്കുള്ളിൽ 52 പ്രധാന പരിഷ്കരണങ്ങൾ നടപ്പിലാക്കുന്നതിനാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.