You are currently viewing കെ-ടെറ്റ് യോഗ്യത: 20,000 അധ്യാപകർക്ക് ആശ്വാസമായി സർക്കാർ തീരുമാനം

കെ-ടെറ്റ് യോഗ്യത: 20,000 അധ്യാപകർക്ക് ആശ്വാസമായി സർക്കാർ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപകരുടെ കെ-ടെറ്റ് യോഗ്യതയെ ചുറ്റിപ്പറ്റി നിലനിന്ന ആശങ്കകൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി സർക്കാർ നിർണായക നടപടികൾ സ്വീകരിച്ചിരിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കോടതി വിധി മാനിച്ചുകൊണ്ട് അധ്യാപകരുടെ തൊഴിലും ജീവിതസാഹചര്യങ്ങളും സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

2012-ന് മുൻപ് നിയമിക്കപ്പെട്ട അധ്യാപകർക്ക് നൽകിയിരുന്ന ഇളവ് സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ.2025 സെപ്റ്റംബർ 1-ന് മുൻപ് നിയമനം ലഭിച്ചവർക്ക് ശമ്പള സ്‌കെയിലിൽ താൽക്കാലിക അംഗീകാരം (പ്രൊവിഷണൽ അപ്രൂവൽ) നൽകാൻ സർക്കാർ തീരുമാനിച്ചു. ഈ നടപടി ഏകദേശം ഇരുപതിനായിരത്തോളം അധ്യാപകർക്ക് താൽക്കാലിക ആശ്വാസം നൽകും

അതേസമയം, കോടതി വിധി പ്രകാരം കെ-ടെറ്റ് യോഗ്യത നേടിയെടുക്കാൻ അധ്യാപകർക്ക് രണ്ട് വർഷത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിനുള്ളിൽ യോഗ്യത നേടാത്ത പക്ഷം തുടർനടപടികൾ സംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കും.

സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയ ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി അറിയിച്ചു. അധ്യാപകരുടെ ക്ഷേമവും വിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരവും ഒരുപോലെ ഉറപ്പാക്കി മുന്നോട്ട് പോകാനാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

Leave a Reply