
ന്യൂഡൽഹി: ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ ഗതാഗതക്കുരുക്ക് കുറയ്ക്കാനും യാത്ര സുഗമമാക്കാനും ലക്ഷ്യമിട്ട് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) 2026 ഏപ്രിൽ 1 മുതൽ രാജ്യത്തെ ടോൾ പ്ലാസകളിൽ പണമായി (കാഷ്) ടോൾ നൽകുന്നത് അവസാനിപ്പിക്കാൻ തീരുമാനം കൈക്കൊണ്ടു.

ഇനിമുതൽ ടോൾ ഇടപാടുകൾ മുഴുവൻ ഫാസ്റ്റാഗ്, യുപിഐ തുടങ്ങിയ ഡിജിറ്റൽ മാർഗങ്ങളിലൂടെ മാത്രമേ അനുവദിക്കൂ. പൂർണ്ണമായും ഡിജിറ്റൽ ടോൾ ശേഖരണ സംവിധാനം നടപ്പാക്കുന്നതിലൂടെ ടോൾ ബൂത്തുകളിലെ നീണ്ട നിരകൾ ഒഴിവാക്കി വാഹനങ്ങളുടെ സുതാര്യവും വേഗത്തിലുള്ളതുമായ ഗതാഗതം ഉറപ്പാക്കാനാണ് നീക്കം.
സർക്കാർ കണക്കുകൾ പ്രകാരം ഫാസ്റ്റാഗ് ഉപയോഗം കഴിഞ്ഞ വർഷങ്ങളിൽ ഗണ്യമായി വർധിച്ചിട്ടുണ്ട്. 2025 ഡിസംബർ വരെ രാജ്യത്തുടനീളം 11.86 കോടി ഫാസ്റ്റാഗുകൾ വിതരണം ചെയ്തിട്ടുണ്ട്. ഇതിലൂടെ 98 ശതമാനത്തിലധികം ടോൾ ശേഖരണവും ഡിജിറ്റൽ രീതിയിലൂടെയാണ് നടക്കുന്നത്. ഫാസ്റ്റാഗിന്റെ വ്യാപക ഉപയോഗം ടോൾ പ്ലാസകളിലെ കാര്യക്ഷമത വർധിപ്പിക്കുകയും കാത്തിരിപ്പ് സമയം കുറയ്ക്കുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി.
പൂർണ്ണമായും കാഷ്ലെസ് ടോൾ സംവിധാനം നടപ്പിലാകുന്നതോടെ സുതാര്യതയും കാര്യക്ഷമതയും വർധിക്കുമെന്ന് അധികൃതർ പറഞ്ഞു.
ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ സംവിധാനത്തിന് മുന്നോടിയായി യാത്രക്കാർ അവരുടെ ഫാസ്റ്റാഗ് അക്കൗണ്ടുകൾ സജീവമാണെന്ന് ഉറപ്പാക്കണമെന്നും അല്ലെങ്കിൽ യുപിഐ അടിസ്ഥാനത്തിലുള്ള പേയ്മെന്റ് സംവിധാനം ഉപയോഗിക്കാനുമാണ് എൻ.എച്ച്.എ.ഐ നിർദേശം നൽകിയിരിക്കുന്നത്.