
കേരളം സംസ്ഥാനത്തിലെ 2025 വർഷത്തെ റോഡപകട വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവന്നു. കഴിഞ്ഞ വർഷം സംസ്ഥാനത്ത് നടന്ന 49,889 റോഡപകടങ്ങളിലായി 3,733 പേർ മരണപ്പെടുകയും 56,922 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു.

2024ൽ 3,875 ആയിരുന്ന മരണസംഖ്യയിൽ നിന്ന് 142 പേരുടെ കുറവാണ് 2025ൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2022 മുതൽ സംസ്ഥാനത്തെ റോഡപകട മരണനിരക്ക് തുടർച്ചയായി കുറഞ്ഞുവരുന്നതും ശ്രദ്ധേയമാണ്. കണക്കുകൾ പ്രകാരം:
2022 – 4,317 മരണം
2023 – 4,080 മരണം
2024 – 3,875 മരണം
2025 – 3,733 മരണം
ഇതിനൊപ്പം, മോട്ടോർ സൈക്കിൾ ഉൾപ്പെട്ട അപകടങ്ങളിൽ മരണസംഖ്യയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2024ൽ 1,450 ആയിരുന്ന ഇരുചക്രവാഹന അപകട മരണങ്ങൾ 2025ൽ 1,345 ആയി കുറഞ്ഞു.
2022 മുതൽ ഇരുചക്രവാഹനങ്ങളുമായി ബന്ധപ്പെട്ട അപകട മരണനിരക്കും താഴോട്ട് പോകുന്ന പ്രവണതയാണ് കാണിക്കുന്നത്:
2022 – 1,669 മരണം
2023 – 1,567 മരണം
2024 – 1,450 മരണം
2025 – 1,345 മരണം
സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്ന വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ച് ഏകദേശം 1 കോടി 90 ലക്ഷമായി എത്തിയ സാഹചര്യത്തിലും അപകട മരണങ്ങളുടെ എണ്ണം കുറയുന്നത് റോഡുസുരക്ഷാ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ ഏജൻസികൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രതീക്ഷ നൽകുന്ന ഒരു സൂചനയായി വിലയിരുത്തപ്പെടുന്നു.