
എറണാകുളം: എറണാകുളം ഗവ. മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം മാർച്ച് 3-ാം തീയതി വൈകിട്ട് 5 മണിക്ക് നടക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പുതിയ ബ്ലോക്ക് ഉദ്ഘാടനം നിർവഹിക്കും.

മെഡിക്കൽ കോളേജിൽ നിർമ്മാണം പൂർത്തിയാക്കിയ പുതിയ ബ്ലോക്ക് സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുജനാരോഗ്യ മേഖലയിൽ ഒരു മെഡിക്കൽ കോളേജ് എന്നത് സംസ്ഥാന രൂപീകരണം മുതൽ ഈ മേഖലയിലെ സ്വപ്നമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയിലൂടെ ആരംഭിച്ച മെഡിക്കൽ കോളേജ് പിന്നീട് സർക്കാർ ഏറ്റെടുക്കുകയായിരുന്നു. 2016ൽ ചുമതലയേറ്റ സർക്കാർ തസ്തികൾ സൃഷ്ടിച്ച് തുടർ നടപടികൾ മുന്നോട്ടുകൊണ്ടുപോയതായും മന്ത്രി വ്യക്തമാക്കി.
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (KIIFB) പശ്ചാത്തല സൗകര്യ വികസന പദ്ധതികളുടെ ഭാഗമായാണ് 286.66 കോടി രൂപ ചെലവഴിച്ച് പുതിയ ബ്ലോക്ക് നിർമ്മിച്ചത്. 16 ഓപ്പറേഷൻ തീയേറ്ററുകൾ, 842 ബെഡുകൾ, നിയോനാറ്റോളജി വിഭാഗം, ആധുനിക ലേബർ റൂം, സ്കാനിംഗ്, എക്സറേ തുടങ്ങിയ സംവിധാനങ്ങളോടൊപ്പം അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വാഹനാപകടങ്ങൾ കൂടുതലാണെങ്കിലും ന്യൂറോ സർജറിയും മറ്റ് അത്യാഹിത ചികിത്സയ്ക്കുമുള്ള മതിയായ സൗകര്യങ്ങൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ പുതിയ ബ്ലോക്ക് വലിയ മാറ്റമുണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. 90 പുതിയ തസ്തികകൾ സർക്കാർ മെഡിക്കൽ കോളേജിൽ സൃഷ്ടിച്ചിട്ടുണ്ടെന്നും കാർഡിയോ വാസ്കുലാർ ഉൾപ്പെടെയുള്ള വിഭാഗങ്ങളിലേക്കാണ് നിയമനം നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു. കോസ്മെറ്റോളജി, വൈറോളജി വിഭാഗങ്ങൾക്കായും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ന്യൂറോ സർജറി, ഗൈനക്കോളജി, ഗ്യാസ്ട്രോ എൻട്രോളജി, കാർഡിയോ തൊറാസിക് സർജറി, പീഡിയാട്രിക് സർജറി, യൂറോളജി, നെഫ്രോളജി, ട്രാൻസ്‌പ്ലാന്റ് സർവീസസ്, ഡയാലിസിസ് യൂണിറ്റുകൾ, ക്രിറ്റിക്കൽ കെയർ സർവീസുകൾ എന്നിവ ഉൾപ്പെടെ നിരവധി സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ പുതിയ ബ്ലോക്കിൽ പ്രവർത്തിക്കും.
റേഡിയോ ഡയഗ്നോസിസ് വിഭാഗം, പതോളജി – മൈക്രോബയോളജി – ബയോകെമിസ്ട്രി ലാബുകൾ, 18 ലിഫ്റ്റുകൾ, 715 കാറുകൾക്ക് പാർക്കിംഗ് സൗകര്യം, ആർ.ഒ പ്ലാന്റ്, ജല ലഭ്യത സംവിധാനങ്ങൾ തുടങ്ങി ആധുനിക അടിസ്ഥാന സൗകര്യങ്ങളും ബ്ലോക്കിൽ ഒരുക്കിയിട്ടുണ്ട്.
മന്ത്രി പി. രാജീവിനൊപ്പം മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എസ്.എസ് മിനി, സൂപ്രണ്ട് ഗണേഷ് മോഹൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.