You are currently viewing അമേരിക്ക–ഇസ്രായേൽ സംയുക്ത ആക്രമത്തിൽ അലി ഖമേനി കൊല്ലപ്പെട്ടു;വരും ദിവസങ്ങളിലും സൈനിക നടപടികൾ തുടരുമെന്ന് ട്രംപ്

അമേരിക്ക–ഇസ്രായേൽ സംയുക്ത ആക്രമത്തിൽ അലി ഖമേനി കൊല്ലപ്പെട്ടു;വരും ദിവസങ്ങളിലും സൈനിക നടപടികൾ തുടരുമെന്ന് ട്രംപ്

വാഷിംഗ്ടൺ: യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച സ്ഥിരീകരിച്ചതനുസരിച്ച്, അമേരിക്ക–ഇസ്രായേൽ സംയുക്തമായി ഇറാനിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ രാജ്യത്തിന്റെ സുപ്രീം ലീഡർ അലി ഖമേനി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അതേസമയം, വരും ദിവസങ്ങളിലും സൈനിക നടപടികൾ തുടരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

ഇറാന്റെ മിസൈൽ ശേഷിയും നാവികസേനയും നശിപ്പിക്കുകയാണ് ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഇറാന്റെ ആണവ-ബാലിസ്റ്റിക് മിസൈൽ പദ്ധതികളിൽ പുരോഗതി തുടരുകയാണെങ്കിൽ വീണ്ടും ആക്രമണം ഉണ്ടാകുമെന്ന് അമേരിക്കയും ഇസ്രായേലും മുന്നറിയിപ്പ് നൽകിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി. ഫ്ലോറിഡയിലെ മാര-അ-ലാഗോ റിസോർട്ടിൽ നിന്നാണ് ട്രംപ് സൈനിക നീക്കങ്ങൾ നിരീക്ഷിക്കുന്നത്. ആക്രമണത്തിൽ ഖമേനെയി കൊല്ലപ്പെട്ടതായി ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയും പിന്നീട് ഇറാനിയൻ സ്റ്റേറ്റ് മീഡിയ ഇത് സ്ഥിരീകരിക്കുകയും ചെയ്തു.

യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചത് പ്രകാരം, ആദ്യ ആക്രമണത്തിന് 12 മണിക്കൂറുകൾക്ക് ശേഷവും അമേരിക്കൻ സൈന്യത്തിന് ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. യു.എസ്. സൈനിക കേന്ദ്രങ്ങൾക്ക് സംഭവിച്ച നാശനഷ്ടം വളരെ ചെറുതാണെന്നും പ്രവർത്തനങ്ങളെ അത് ബാധിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
അമേരിക്കൻ ഉദ്യോഗസ്ഥർ പറഞ്ഞതനുസരിച്ച്, ആക്രമണങ്ങൾ നിരവധി ദിവസങ്ങൾ തുടർന്നേക്കാം. മിഡിൽ ഈസ്റ്റിൽ സമാധാനം ഉറപ്പാക്കുന്നതിനായി ആവശ്യമെങ്കിൽ ശക്തമായ ബോംബാക്രമണം തുടരുമെന്നും ട്രംപ് വ്യക്തമാക്കി. ട്രംപ് വീണ്ടും അധികാരത്തിലെത്തിയതിന് ശേഷം ഇറാനെതിരെ നടത്തുന്ന രണ്ടാമത്തെ സൈനിക നടപടിയാണിത്. ജൂണിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരെയും അമേരിക്ക ആക്രമണം നടത്തിയിരുന്നു.

ഇറാൻ ആണവ സമ്പുഷ്ടീകരണ പരിപാടി ഉപേക്ഷിക്കാൻ തയ്യാറല്ലെന്നും അത് ഭാവിയിൽ ആണവായുധ നിർമ്മാണത്തിന് ഉപയോഗിക്കാമെന്ന ആശങ്കയും അമേരിക്കൻ ഭരണകൂടം ഉയർത്തി. ഇറാന്റെ മിസൈൽ പദ്ധതി അമേരിക്കൻ സൈന്യത്തിന് അടിയന്തര ഭീഷണിയാണെന്നും അധികൃതർ പറഞ്ഞു.

വീഡിയോ പ്രസംഗത്തിൽ, ഇറാന്റെ എലീറ്റ് സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അംഗങ്ങളോട് ആയുധങ്ങൾ താഴെവെക്കാൻ ട്രംപ് ആവശ്യപ്പെട്ടു. അവർ കീഴടങ്ങുകയാണെങ്കിൽ സംരക്ഷണം നൽകുമെന്നും, രാജ്യഭരണം ഇറാൻ ജനങ്ങൾ തന്നെ ഏറ്റെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഈ ആക്രമണത്തെ തുടർന്ന് അമേരിക്കയിൽ ഭിന്നാഭിപ്രായങ്ങളാണ് ഉയരുന്നത്. ചില റിപ്പബ്ലിക്കൻ നേതാക്കൾ നടപടിയെ പിന്തുണച്ചപ്പോൾ, ഹൗസ് മൈനോറിറ്റി ലീഡർ ഹക്കീം ജെഫ്രീസ് മുൻകൂർ സൈനിക നടപടി സ്വീകരിക്കാൻ കോൺഗ്രസ് അനുമതി നിർബന്ധമാണെന്ന് ആവശ്യപ്പെട്ടു. അതേസമയം, യൂറോപ്യൻ രാജ്യങ്ങൾ വീണ്ടും നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply