
തിരുവനന്തപുരം മുതൽ അജ്മീർ (മധർ) വരെ നേരിട്ടുള്ള സ്പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. 06013/06014 നമ്പറുകളിലുള്ള തിരുവനന്തപുരം–മധർ വീക്കിലി എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനാണ് റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്.

മാവേലിക്കര മണ്ഡലത്തിലെ മാവേലിക്കര, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
നിലവിൽ കേരളത്തിൽ നിന്ന് അജ്മീർ ലേക്കുള്ള വീക്കിലി സർവീസ് എറണാകുളത്ത് നിന്നുമാത്രമായിരുന്നു ഉണ്ടായിരുന്നത്. തിരുവനന്തപുരം മുതൽ നേരിട്ടുള്ള സർവീസ് ആരംഭിക്കണമെന്ന ആവശ്യം റെയിൽവേ മന്ത്രാലയത്തിനു മുന്നിൽ ശക്തമായി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഈ സ്പെഷ്യൽ സർവീസ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഇത് തെക്കൻ കേരളത്തിലെ യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിന് ലഭിച്ച പ്രധാന നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
06013 നമ്പർ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ–മധർ സ്പെഷ്യൽ മാർച്ച് 4-നും 11-നും ബുധനാഴ്ച രാവിലെ 7.45-ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടും. മാവേലിക്കരയിൽ രാവിലെ 09.38-ന് എത്തി 09.40-ന് പുറപ്പെടുകയും, ചെങ്ങന്നൂരിൽ രാവിലെ 09.53-ന് എത്തി 09.55-ന് പുറപ്പെടുകയും,ചങ്ങനാശ്ശേരിയിൽ രാവിലെ 10.05-ന് എത്തി 10.07-ന് പുറപ്പെടുകയും ചെയ്ത് മൂന്നാം ദിവസം രാവിലെ 11.00-ന് മധർ എത്തിച്ചേരും.
മടക്ക സർവീസായ 06014 നമ്പർ മധർ–തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ മാർച്ച് 7-നും 14-നും ശനിയാഴ്ച രാത്രി 9.40-ന് മധറിൽ നിന്ന് പുറപ്പെടും. ചങ്ങനാശ്ശേരിയിൽ രാത്രി 21.28-ന് എത്തി 21.30-ന് പുറപ്പെടുകയും, ചെങ്ങന്നൂരിൽ രാത്രി 21.38-ന് എത്തി 21.40-ന് പുറപ്പെടുകയും, മാവേലിക്കരയിൽ രാത്രി 21.52-ന് എത്തി 21.54-ന് പുറപ്പെടുകയും ചെയ്ത് നാലാം ദിവസം രാത്രി 12.45-ന് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരും.
തെക്കൻ കേരളത്തിൽ നിന്ന് അജ്മീർ ദർഗയിലേക്കുള്ള തീർത്ഥാടനം സുഗമമാക്കുന്നതിന് ഈ ട്രെയിൻ സർവീസ് വലിയ സഹായമാകും. പ്രദേശത്തുള്ള ആയിരക്കണക്കിന് യാത്രക്കാർക്ക് ഈ സർവീസ് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.