
ദുബായ്/ദോഹ — ഇറാനിൽ നിന്നുള്ള തുടർച്ചയായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്കിടെ യുഎഇയുടെയും ഖത്തറിന്റെയും പ്രതിരോധ മിസൈൽ ശേഖരം അതിവേഗത്തിൽ കുറയുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ ബ്ലൂംബെർഗ് പുറത്തുവിട്ട വിശകലനം വ്യക്തമാക്കുന്നു.

ഇപ്പോഴുള്ള ആക്രമണങ്ങളുടെ തീവ്രത തുടർന്നാൽ ഖത്തറിലെ പ്രതിരോധ മിസൈൽ ശേഖരം നാല് ദിവസത്തിനുള്ളിൽ തന്നെ തീരാനിടയുണ്ടെന്നാണ് വിലയിരുത്തൽ. യുഎഇയ്ക്ക് കുറച്ചുകൂടി ശേഖരം ഉണ്ടെങ്കിലും ഏകദേശം ഒരു ആഴ്ചയ്ക്കുള്ളിൽ അത് മുഴുവൻ ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇറാൻ ഉയർന്ന തോതിൽ ബാലിസ്റ്റിക് മിസൈലുകളും ഡ്രോൺ ആക്രമണങ്ങളും നടത്തുന്നതോടെ ഗൾഫ് മേഖലയിൽ പ്രതിരോധ സംവിധാനങ്ങൾക്ക് വലിയ സമ്മർദ്ദമാണ് അനുഭവപ്പെടുന്നത്. അമേരിക്ക നൽകുന്ന പ്രതിരോധ സംവിധാനങ്ങളായ പാട്രിയട്ട് മിസൈൽ സിസ്റ്റവും,താഡ്(THAAD) ഉം ഇപ്പോൾ വ്യാപകമായ ഉപയോഗത്തിലാണ്.
ഒരു മിസൈൽ തകർക്കാൻ പലപ്പോഴും ഒന്നിലധികം പ്രതിരോധ മിസൈലുകൾ പ്രയോഗിക്കേണ്ടി വരുന്നത് ശേഖരങ്ങൾ വേഗത്തിൽ കുറയാൻ കാരണമാകുന്നുവെന്ന് പ്രതിരോധ വിദഗ്ധർ പറയുന്നു. ശേഖരങ്ങൾ കുറയുന്നതിനെ തുടർന്ന് അടിയന്തര സഹായത്തിനായി യുഎഇയും ഖത്തറും അമേരിക്കയോട് അപേക്ഷിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. പുതിയ മിസൈലുകളുടെ നിർമ്മാണം സമയമെടുക്കുന്നതിനാൽ പുനർ വിന്യാസം ഉടൻ സാധ്യമാകുമോയെന്ന ആശങ്കയും നിലനിൽക്കുന്നു.
ഇതോടെ ഗൾഫ് രാജ്യങ്ങളുടെ പ്രതിരോധ ശേഷിയിലെ പരിമിതികൾ കൂടുതൽ വെളിവാകുന്നുവെന്നാണ് വിലയിരുത്തൽ. ദീർഘകാലത്തേക്ക് തുടരുന്ന ആക്രമണങ്ങൾ പ്രതിരോധ സംവിധാനങ്ങളെ ക്ഷയിപ്പിക്കുമെന്നും അതിലൂടെ പ്രദേശത്തെ സുരക്ഷാ സാഹചര്യം കൂടുതൽ പ്രതിസന്ധിയിലാകാനിടയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.