You are currently viewing ബ്രിട്ടീഷ് റെസിഡൻസി ബംഗ്ലാവ് നവീകരണ പാതയിൽ:ചരിത്ര നഗരത്തിന്  പുതിയ ഭാവം

ബ്രിട്ടീഷ് റെസിഡൻസി ബംഗ്ലാവ് നവീകരണ പാതയിൽ:ചരിത്ര നഗരത്തിന് പുതിയ ഭാവം

കൊല്ലത്തിന്റെ ചരിത്ര പൈതൃകത്തിൽ നിർണായക സ്ഥാനമുള്ള ബ്രിട്ടീഷ് റെസിഡൻസി ബംഗ്ലാവ് സമഗ്ര നവീകരണത്തിലൂടെ പുതിയ ഭാവത്തിലേക്ക് മാറുന്നു. രാജ്യത്തെ പ്രമുഖ അതിഥികൾ കൊല്ലം സന്ദർശിക്കുമ്പോൾ ഔദ്യോഗിക താമസ കേന്ദ്രമായി ഉപയോഗിക്കുന്ന ഈ ബംഗ്ലാവ് കാലപ്പഴക്കത്തെ തുടർന്ന് മങ്ങലേറ്റ നിലയിലായിരുന്നു. പൈതൃകത്തിന്റെ ഭാവം സംരക്ഷിച്ചുകൊണ്ട് ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തുന്ന രീതിയിൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് കൊല്ലം എംഎൽഎ എം മുകേഷ് പറഞ്ഞു

പ്രധാന കെട്ടിടത്തിന്റെ മിനുക്കുപണികൾക്കായി 10 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു. ഇതോടൊപ്പം, അകത്തളങ്ങളുടെ സൗന്ദര്യം വർധിപ്പിക്കുന്നതിനായി 10 കോടി രൂപയുടെ ഇന്റീരിയർ പ്രവൃത്തികളും നടന്നു വരുന്നു. പൈതൃക സ്മാരകത്തെ അതിന്റെ പഴയ പ്രൗഢിയോടെ തിരിച്ചുകൊണ്ടുവരികയാണ് ലക്ഷ്യം.

അതേസമയം, കൊല്ലത്തിന്റെ ഹൃദയഭാഗമായ ആശ്രാമം മൈതാനം പ്രദേശത്ത് 60 കോടി രൂപയുടെ വലിയ ടൂറിസം വികസന പദ്ധതിയും പുരോഗമിക്കുകയാണ്. അഡ്വഞ്ചർ പാർക്കിന്റെ നവീകരണവും പുതിയ ബോട്ട് ജെട്ടിയുടെ നിർമ്മാണവും വേഗത്തിൽ നടക്കുന്നു. കുട്ടികൾക്കായുള്ള പാർക്കും കൂടുതൽ ആകർഷകമാക്കുന്ന പ്രവൃത്തികളും പുരോഗമിക്കുന്നു.
സാംസ്‌കാരിക അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗമായ നീലാംബരി ഓപ്പൺ എയർ ഓഡിറ്റോറിയവും ശ്രീനാരായണ കൾച്ചറൽ കോംപ്ലക്സും പൂർത്തിയായി. കൂടാതെ, കുമാരനാശാൻ സ്മാരകത്തിന്റെ വികസന പ്രവർത്തനങ്ങളും വേഗത്തിൽ മുന്നേറുന്നതായി എംഎൽഎ പറഞ്ഞു

Leave a Reply