
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) മിഡിൽ ഈസ്റ്റ് മേഖലയിൽ വ്യോമപാതകൾ അടച്ചതിനെ തുടർന്ന് യുഎഇയിൽ കുടുങ്ങിയ യാത്രക്കാരുടെ ഓവർസ്റ്റേ പിഴ ഒഴിവാക്കിയതായി അറിയിച്ചു.

അമേരിക്ക-ഇസ്രായേൽ സേനകൾ ഇറാനിൽ നടത്തിയ ആക്രമണങ്ങളും അതിനെ തുടർന്ന് ഉണ്ടായ തിരിച്ചടികളും മൂലം ഫെബ്രുവരി 28, 2026 മുതൽ പ്രദേശത്തെ വിമാന സർവീസുകൾ വ്യാപകമായി തടസ്സപ്പെട്ടിരുന്നു.
ഫെബ്രുവരി 28, 2026 മുതൽ ഉണ്ടായ ഓവർസ്റ്റേ പിഴകളെല്ലാം ഈ ഇളവിന് പരിധിയിലാകും. തങ്ങളുടെ നിയന്ത്രണത്തിന് പുറത്തുള്ള സാഹചര്യങ്ങൾ കാരണം നാട്ടിലേക്ക് മടങ്ങാനാകാതെ വിസ കാലാവധി കഴിഞ്ഞുപോയ യാത്രക്കാർക്ക് ആശ്വാസം നൽകുന്നതാണ് തീരുമാനം.
ടൂറിസ്റ്റ് വിസയിലും വിസിറ്റ് വിസയിലും എത്തിയവർ, എക്സിറ്റ് പെർമിറ്റ് എടുത്തവർ, യാത്രയ്ക്ക് മുൻപ് റെസിഡൻസി പെർമിറ്റ് റദ്ദാക്കിയെങ്കിലും വിമാന സർവീസ് റദ്ദായതിനെ തുടർന്ന് രാജ്യം വിടാൻ സാധിക്കാതിരുന്ന താമസക്കാർ തുടങ്ങിയവർക്ക് ഈ ഇളവ് ബാധകമാണ്. അനിവാര്യമായ സാഹചര്യങ്ങളിൽ ഉണ്ടായ വിസ കാലാവധി ലംഘനങ്ങൾക്ക് സാമ്പത്തിക ഭാരം ചുമത്താതിരിക്കാനാണ് നടപടി.
വിമാന സർവീസുകൾ തടസ്സപ്പെട്ടത് ആയിരക്കണക്കിന് യാത്രക്കാരെയാണ് ബാധിച്ചത്.രാജ്യത്തെ വിമാനത്താവളങ്ങളും ഐ.സി.പി കസ്റ്റമർ സെന്ററുകളും ആവശ്യമായ നടപടിക്രമ സഹായം നൽകുന്നുണ്ടെന്നും വിമാനക്കമ്പനികളുമായി സഹകരിച്ച് യാത്രകൾ പുനഃക്രമീകരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.