
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നോടിയായി അനധികൃത പ്രചാരണ സാമഗ്രികള്‍ നിയന്ത്രിക്കാന്‍ ജില്ലയില്‍ 32 ആന്റി ഡീഫേസ്മെന്റ് സ്ക്വാഡുകള്‍ രൂപീകരിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി സ്ഥാപിക്കുന്ന അനധികൃത ബാനറുകള്‍, നോട്ടീസുകള്‍, കൊടിതോരണങ്ങള്‍ എന്നിവ നീക്കം ചെയ്യുന്നതിനും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും സ്ക്വാഡുകള്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. കൂടാതെ തെരഞ്ഞെടുപ്പ് കാലയളവില്‍ നടക്കുന്ന പ്രധാന സംഭവങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും വീഡിയോ രേഖപ്പെടുത്തലും ഈ സ്ക്വാഡുകളുടെ ഉത്തരവാദിത്തമായിരിക്കും.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടൊപ്പം തന്നെ സ്ക്വാഡുകളുടെ പ്രവര്‍ത്തനം ആരംഭിക്കും. ജില്ലയിലെ ഓരോ നിയമസഭാ മണ്ഡലത്തിലും രണ്ട് വീതം സ്ക്വാഡുകളാണ് നിയോഗിച്ചിരിക്കുന്നത്. ഓരോ സ്ക്വാഡിലും ടീം ലീഡറെ കൂടാതെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഒരു വീഡിയോഗ്രാഫറും ഉണ്ടായിരിക്കും. സ്ക്വാഡ് ലീഡര്‍മാര്‍ക്ക് മാര്‍ച്ച് 9ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രത്യേക പരിശീലനം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
സ്വകാര്യ ഭൂമി, കെട്ടിടം, മതില് എന്നിവ ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നതിനെതിരെ സ്ക്വാഡുകള്‍ കര്‍ശന പരിശോധന നടത്തും. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സര്‍ക്കാര്‍-സ്വകാര്യ സ്വത്തുക്കള്‍ വികൃതമാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്കി.
സര്‍ക്കാര്‍-പൊതു സ്ഥലങ്ങള്‍ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ സ്വകാര്യ സ്ഥലങ്ങളില്‍ ഉടമയുടെ അനുമതിയോടെ താത്ക്കാലികവും എളുപ്പത്തില്‍ നീക്കം ചെയ്യാവുന്നതുമായ പരസ്യ സാമഗ്രികള്‍ സ്ഥാപിക്കാം. സര്‍ക്കാര്‍ വസ്തുക്കളില്‍ സ്ഥാപിച്ചിട്ടുള്ള ചുവരെഴുത്തുകള്‍, പോസ്റ്ററുകള്‍, കട്ട് ഔട്ടുകള്‍, ഹോര്‍ഡിംഗുകള്‍, ബാനറുകള്‍, കൊടികള്‍ എന്നിവ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം 48 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യേണ്ടതാണ്.
പൊതുമുതല്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ പാലങ്ങള്‍, റോഡുകള്‍, സര്‍ക്കാര്‍ ബസുകള്‍, ഇലക്ട്രിക്-ടെലഫോണ്‍ തൂണുകള്‍, മുന്‍സിപ്പല്‍/തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള എല്ലാ രാഷ്ട്രീയ പരസ്യങ്ങളും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം 48 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം. സ്വകാര്യ വസ്തുവുകളില് സ്ഥാപിച്ചിട്ടുള്ള അനധികൃത രാഷ്ട്രീയ പരസ്യങ്ങള്‍ 72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.