
അശോക് ലെയ്ലാൻഡ്, ഇന്ത്യയിലെ രണ്ടാമത്തെ വലിയ കൊമേഴ്സ്യൽ വാഹന നിർമ്മാതാവും ഹിന്ദുജാ ഗ്രൂപ്പിൻ്റെ ഭാഗവുമായ കമ്പനിയും, 2026 സീസണിന് മുന്നോടിയായി ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രമുഖ ടീമായ ചെന്നൈ സൂപ്പർ കിംഗ്സുമായി സ്പോൺസർഷിപ്പ് കരാർ പ്രഖ്യാപിച്ചു.

കരാറിന്റെ ഭാഗമായി 2026 ഐ.പി.എൽ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ പ്രശസ്തമായ മഞ്ഞ ജേഴ്സിയുടെ മുൻവശത്തുള്ള വലത് നെഞ്ച് ഭാഗത്ത് അശോക് ലെയ്ലാൻഡിന്റെ ലോഗോ പതിക്കും. ഇതോടെ ഹിന്ദൂജ ഗ്രൂപ്പും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലുള്ള 15 വർഷത്തിലേറെ നീണ്ട സഹകരണം കൂടുതൽ ശക്തമാകുകയാണ്. ഗ്രൂപ്പിന്റെ ലൂബ്രിക്കന്റ് ബ്രാൻഡായ ഗൾഫ് ഓയിൽ മുഖേനയാണ് ഈ ദീർഘകാല സഹകരണം തുടരുന്നത്.
കരാർ പ്രഖ്യാപിച്ച ചടങ്ങിൽ ടീമിന്റെ ക്യാപ്റ്റനായ ഋതുരാജ് ഗെയ്ക്വാഡ് പങ്കെടുത്തു. ഇരുവിഭാഗങ്ങളുടെയും പ്രതിനിധികൾ സ്ഥിരത, പ്രകടനം, പ്രതിരോധശേഷി എന്നീ പൊതുവായ മൂല്യങ്ങളാണ് ഈ കൂട്ടുകെട്ടിന്റെ അടിസ്ഥാനം എന്നും വ്യക്തമാക്കി.
കരാറിന്റെ ഭാഗമായി ആരാധകരുമായി കൂടുതൽ ഇടപെടൽ സൃഷ്ടിക്കുന്നതിന് പ്രത്യേകമായി രൂപകൽപ്പന ചെയ്ത “ സി എസ് കെ ഫാൻ ബസ്” അശോക് ലെയ്ലാൻഡ് അവതരിപ്പിക്കും. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ആരാധകരുമായി ബന്ധപ്പെടുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്കും ഈ ബസ് ഉപയോഗിക്കും.
ഐ.പി.എൽ ചരിത്രത്തിൽ അഞ്ചു കിരീടങ്ങൾ നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന്റെ വലിയ ആരാധക പിന്തുണയും ജനപ്രീതിയും സ്പോൺസർമാർക്ക് ഉയർന്ന ദൃശ്യപ്രാധാന്യം നൽകുന്ന ഘടകമാണെന്ന് കമ്പനി അധികൃതർ പറഞ്ഞു. ഈ പങ്കാളിത്തം വഴി ക്രിക്കറ്റ് ആരാധകരുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാനാണ് അശോക് ലെയ്ലാൻഡിന്റെ ലക്ഷ്യം.