
അസമിലെ കാർബി ആംഗ്ലോംഗ് ജില്ലയിൽ ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനം പരിശീലന പറക്കലിനിടെ തകർന്നു വീണു. ബോകാജൻ ഉപവിഭാഗത്തിലെ ഇൻഗ്ലോംഗ് എകോപീ ഹില്ലിന് സമീപമാണ് അപകടം ഉണ്ടായത്. ജോര്‍ഹാട് എയർബേസിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയാണ് അപകടസ്ഥലം.

ജോര്‍ഹാട് എയർബേസിലെ 47-ാം സ്ക്വാഡ്രണിൽപ്പെട്ട യുദ്ധവിമാനം ഇന്നലെ വൈകിട്ട് പതിവ് പരിശീലന മിഷനായി പറന്നുയർന്നതായിരുന്നു. വൈകിട്ട് 7.42ഓടെയാണ് വിമാനവുമായി റഡാർ ബന്ധം നഷ്ടപ്പെട്ടത്. തുടർന്ന് തിരച്ചിൽ ആരംഭിച്ചപ്പോൾ ബോകാജൻ ഉപവിഭാഗത്തിലെ ചോക്കിഹോള ഗ്രാമവാസികളാണ് ആദ്യം അപകടസ്ഥലം കണ്ടെത്തിയത്. നാട്ടുകാർ സ്ഥലത്തെത്തി പൈലറ്റുമാരായ രണ്ട് ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ കണ്ടെത്തി.
അപകടത്തിൽ സ്ക്വാഡ്രൺ ലീഡർ അനുജയും ഫ്ലൈറ്റ് ലെഫ്റ്റനന്റ് പർവേഷ് ദുരക്കറും മരിച്ചു.
സംഭവത്തിൽ പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ദുഃഖം രേഖപ്പെടുത്തി. സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച സന്ദേശത്തിൽ, മരിച്ച ഉദ്യോഗസ്ഥരുടെ ധൈര്യവും രാജ്യസേവനവും അഭിമാനത്തോടെയും നന്ദിയോടെയും എന്നും ഓർമ്മിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ദുഃഖത്തിൽ കഴിയുന്ന കുടുംബങ്ങൾക്കൊപ്പം രാജ്യം ഉറച്ച് നിൽക്കുന്നതായും അദ്ദേഹം അറിയിച്ചു.
അപകടത്തിന്റെ കാരണത്തെക്കുറിച്ച് ഇന്ത്യൻ വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.