
മലപ്പുറം: അരീക്കോട് വെള്ളേരിയിൽ മുത്തച്ഛൻ ഓടിച്ച പിക്കപ്പ് വാനിന് കീഴിൽപ്പെട്ടു മൂന്ന് വയസ്സുകാരൻ ദാരുണമായി മരിച്ചു. ചേലക്കോട് സ്വദേശികളായ അഫീഫ് – ലബീബ ദമ്പതികളുടെ മകൻ മുഹമ്മദ് ഹനാൻ ആണ് മരിച്ചത്.

വീടിന് സമീപം നിർത്തിയിട്ടിരുന്ന പിക്കപ്പ് വാൻ മുത്തച്ഛൻ പിറകോട്ട് എടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വാഹനത്തിന് പിന്നിലുണ്ടായിരുന്ന കുഞ്ഞ് അബദ്ധത്തിൽ വാഹനത്തിനടിയിൽപ്പെടുകയായിരുന്നു എന്നാണ് വിവരം. മുത്തച്ഛനാണ് വാഹനം ഓടിച്ചിരുന്നത്.
അപകടം നടന്ന ഉടൻ തന്നെ കുഞ്ഞിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ നാട്ടുകാർക്കും ബന്ധുക്കൾക്കും വലിയ ദുഃഖമാണ് ഉണ്ടായിരിക്കുന്നത്.
സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം തുടർനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.