
തിരുവനന്തപുരം: കെ ബി ഗണേഷ് കുമാർ ഫോണിലൂടെ വിളിച്ച് മാപ്പുപറഞ്ഞതിനെ തുടർന്ന് അദ്ദേഹത്തോട് ക്ഷമിച്ചതായും ഇനി നിയമനടപടികളുമായി മുന്നോട്ട് പോകാനില്ലെന്നും ഭാര്യ ബിന്ദു മേനോൻ അറിയിച്ചു. വ്യക്തിപരമായ പ്രശ്നങ്ങൾ പരസ്പരം സംസാരിച്ചു തീർക്കാൻ തീരുമാനിച്ചതായും വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.

ബിന്ദു മേനോന്റെ വാക്കുകൾ പ്രകാരം, ആദ്യം തന്റെ സഹോദരിയെ വിളിച്ചാണ് കെ ബി ഗണേഷ് കുമാർ മാപ്പുപറഞ്ഞത്. തുടർന്ന് ബിന്ദു മേനോനെയും നേരിട്ട് വിളിച്ച് സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും വിശദീകരണം നൽകുകയും ചെയ്തു. “എല്ലാവർക്കും തെറ്റുപറ്റാം. അദ്ദേഹം ഒരു മന്ത്രിയായതിനാലാണ് ഈ വിഷയം ലോകം അറിഞ്ഞത്,” എന്നും ബിന്ദു മേനോൻ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകാനില്ലെന്ന് ബിന്ദു മേനോൻ വ്യക്തമാക്കിയതോടെ മന്ത്രിക്കെതിരെ കേസ് എടുക്കില്ലെന്ന് പോലീസും അറിയിച്ചു. ഇതോടെ നിയമനടപടികൾ ഉണ്ടാകാനുള്ള സാധ്യതയും അവസാനിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് വാളകത്തെ വീട്ടിൽ വെച്ച് കേബി ഗണേഷ് കുമാറിനെ മോശം സാഹചര്യത്തിൽ കണ്ടുവെന്ന ഗുരുതരമായ ആരോപണം ബിന്ദു മേനോൻ ഉന്നയിച്ചത്. ഇതിനെ തുടർന്ന് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായ പ്രതിഷേധങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ ബിന്ദു മേനോൻ ക്ഷമിച്ചതായി വ്യക്തമാക്കിയതോടെ വിവാദം ഒത്തുതീർപ്പിലേക്കെത്തുന്ന സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്.