You are currently viewing ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പിനെതിരെ കർശന നടപടി: മന്ത്രി ജി.ആർ. അനിൽ

ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പിനെതിരെ കർശന നടപടി: മന്ത്രി ജി.ആർ. അനിൽ

തിരുവനന്തപുരം: ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പും ഡൈവർ‍ഷനും തടയുന്നതിനായി കർശന നടപടികൾ സ്വീകരിക്കുമെന്ന് സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. മധ്യേഷ്യയിലെ യുദ്ധ സാഹചര്യത്തെ തുടർന്ന് അവിടെ നിന്നുള്ള എൽപിജി സ്റ്റോക്കിന്റെ ലഭ്യതയിൽ ഉണ്ടായ കുറവ് വിതരണത്തെ ബാധിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് സാഹചര്യം വിലയിരുത്തുന്നതിനായി ഓയിൽ കമ്പനി പ്രതിനിധികളുടെ യോഗം വിളിച്ചുചേർത്തതിനു ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

യുദ്ധസാഹചര്യത്തെ തുടർന്ന് എൽപിജി വിതരണത്തിൽ കേന്ദ്ര സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. നിലവിൽ ഒരിക്കൽ സിലിണ്ടർ ബുക്ക് ചെയ്താൽ അടുത്ത ബുക്കിംഗ് നടത്താൻ 25 ദിവസം കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്. ഇതോടെ ഉപഭോക്താക്കൾക്കിടയിൽ ആശങ്ക ഉയർന്നിട്ടുണ്ട്. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിതരണത്തിൽ വലിയ ക്ഷാമമില്ലെന്നും ഓയിൽ കമ്പനികൾ യോഗത്തിൽ അറിയിച്ചു.
അതേസമയം വ്യവസായ ആവശ്യങ്ങൾക്കായുള്ള സിലിണ്ടറുകളുടെ ലഭ്യതയിൽ കുറവ് അനുഭവപ്പെടുന്നുവെന്നും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആശുപത്രികൾ പോലുള്ള മുൻഗണനാ വിഭാഗത്തിൽപ്പെടുന്ന സ്ഥാപനങ്ങളെ നിലവിലെ നിയന്ത്രണങ്ങൾ ബാധിക്കില്ലെന്നും ഓയിൽ കമ്പനികൾ വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ വ്യവസായ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്ത് അയയ്ക്കുമെന്ന് മന്ത്രി അറിയിച്ചു.

ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പും ഡൈവർ‍ഷനും തടയുന്നതിനായി ജില്ലാകളക്ടർമാരുടെയും ജില്ലാ സപ്ലൈ ഓഫീസർമാരുടെയും നേതൃത്വത്തിൽ പരിശോധന സ്ക്വാഡുകൾ രൂപീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
യോഗത്തിൽ വകുപ്പ് സെക്രട്ടറി രാജമാണിക്യം ഐ.എ.എസ്, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഹിമ ഐ.എ.എസ്, ലാൻഡ് റവന്യൂ കമ്മീഷണർ ജീവൻ ബാബു ഐ.എ.എസ് എന്നിവരും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ ഓയിൽ കമ്പനികളുടെ ഏരിയ മാനേജർമാരും പങ്കെടുത്തു. മന്ത്രി ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കാൻ സർക്കാർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വ്യക്തമാക്കി.

Leave a Reply