You are currently viewing ഹോട്ടലുകൾക്ക് പാചകവാതകം ഇല്ല; കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം

ഹോട്ടലുകൾക്ക് പാചകവാതകം ഇല്ല; കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം

ന്യൂഡൽഹി: രാജ്യത്ത് പല സംസ്ഥാനങ്ങളിലും ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും പാചകവാതക ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നു. വീടുകളിലെ പാചകവാതക വിതരണത്തിന് മുൻഗണന നൽകാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം നിർദേശം നൽകിയതോടെ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിതരണം ഹോട്ടലുകൾക്ക് നിർത്തിവച്ചു

മാർച്ച് 9-ന് പുറത്തിറക്കിയ ഉത്തരവനുസരിച്ച് രാജ്യത്തെ റിഫൈനറികൾക്കും ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്കും ലഭ്യമായ എൽപിജി പ്രധാനമായും ഗാർഹിക ഉപഭോക്താക്കൾക്ക് വിതരണം ചെയ്യണം എന്നതാണ് നിർദേശം. ഇതോടെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉപയോഗിക്കുന്ന 19 കിലോ വാണിജ്യ സിലിണ്ടറുകളുടെ വിതരണം ഗുരുതരമായി ബാധിച്ചു.

ഇപ്പോൾ വാണിജ്യ സിലിണ്ടറുകൾ ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പോലുള്ള അത്യാവശ്യ മേഖലകൾക്കു മാത്രം നൽകണം എന്ന നിർദേശവും ഓയിൽ കമ്പനികൾ വിതരണക്കാരെ അറിയിച്ചു.

പശ്ചിമേഷ്യയിലെ സംഘർഷം മൂലം എൽപിജി ഇറക്കുമതിയിൽ തടസം ഉണ്ടായതാണ് ഈ പ്രതിസന്ധിയുടെ പ്രധാന കാരണം. ഇന്ത്യയുടെ എൽപിജി ആവശ്യകതയുടെ വലിയൊരു ഭാഗം ഇറക്കുമതിയിലൂടെയാണ് ലഭിക്കുന്നത്, അതിനാൽ ആഗോള വിതരണ ശൃംഖലയിൽ ഉണ്ടായ തടസ്സം രാജ്യത്തെ ഹോട്ടൽ മേഖലയെയും ബാധിച്ചിരിക്കുകയാണ്.
കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ഹോട്ടലുകൾക്ക് വാണിജ്യ ഗ്യാസ് സിലിണ്ടറുകൾ ലഭിക്കാത്ത സാഹചര്യത്തിൽ ഉടൻ നടപടി വേണമെന്ന് ഹോട്ടൽ-റസ്റ്റോറന്റ് സംഘടനകൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. നിലവിലുള്ള സ്റ്റോക്ക് തീർന്നാൽ കൂടുതൽ ഹോട്ടലുകൾ അടയ്ക്കേണ്ടിവരുമെന്ന ആശങ്കയും സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.

Leave a Reply