
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ പുതിയ സാഹചര്യങ്ങൾക്കിടെ ഗൃഹോപയോഗത്തിനുള്ള വിതരണം ശക്തിപ്പെടുത്തുന്നതിനായി കേന്ദ്രസർക്കാർ എടുത്ത നടപടികളുടെ ഭാഗമായി ഇന്ത്യയിലെ എൽപിജി (LPG) ഉൽപ്പാദനം ഏകദേശം 25 ശതമാനം വർധിച്ചതായി അധികൃതർ അറിയിച്ചു.

ന്യൂഡൽഹിയിൽ ഇന്നലെ വൈകുന്നേരം പശ്ചിമേഷ്യയിലെ സാഹചര്യങ്ങളെക്കുറിച്ച് നടത്തിയ അന്തർമന്ത്രാലയ വിശദീകരണ യോഗത്തിൽ സർക്കാർ റിഫൈനറികൾക്കും പെട്രോകെമിക്കൽ കോംപ്ലക്സുകൾക്കും എൽപിജി ഉൽപ്പാദനം പരമാവധി വർധിപ്പിക്കാൻ നിർദേശം നൽകിയതായി പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ അറിയിച്ചു.
പ്രൊപെയ്ൻ, ബ്യൂട്ടെയ്ൻ, പ്രൊപിലീൻ, ബ്യൂട്ടീനുകൾ തുടങ്ങിയ ഘടകങ്ങളെ എൽപിജി പൂളിലേക്ക് മാറ്റിവിടാൻ നിർദേശം നൽകിയതോടെയാണ് ഉൽപ്പാദനം വർധിച്ചതെന്ന് അവർ പറഞ്ഞു. ഇതിന്റെ ഫലമായി രാജ്യത്തെ എൽപിജി ഉൽപ്പാദനം ഏകദേശം നാലിലൊന്ന് വർധിച്ചുവെന്നും രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന മുഴുവൻ എൽപിജിയും ഗൃഹോപയോഗത്തിനായി മാറ്റിവയ്ക്കും എന്നും അവർ കൂട്ടിച്ചേർത്തു.
ക്രൂഡ് ഓയിൽ വിതരണത്തെക്കുറിച്ച് സംസാരിച്ച ശർമ പറഞ്ഞു, രാജ്യത്തിന്റെ എണ്ണവിതരണം സുരക്ഷിതമാണ്. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ ഏകദേശം 70 ശതമാനവും ഇപ്പോൾ ഹോർമോസ് കടലിടുക്കിന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നാണ് വരുന്നതെന്നും അവർ വ്യക്തമാക്കി.
ഇന്ത്യ ഏകദേശം 40 രാജ്യങ്ങളിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതായും വിവിധ സ്രോതസുകളിൽ നിന്ന് ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ അധിക ചരക്കുകൾ ഉറപ്പാക്കിയിട്ടുണ്ടെന്നും ശർമ വ്യക്തമാക്കി. രാജ്യത്തെ ഗ്യാസ് കമ്പനികൾ പുതിയ സ്രോതസുകളിൽ നിന്ന് എൽഎൻജി (LNG) ചരക്കുകളും വാങ്ങിയിട്ടുണ്ടെന്നും രണ്ട് ചരക്ക് കപ്പലുകൾ ഇന്ത്യയിലേക്ക് വരികയാണെന്നും അവർ അറിയിച്ചു.