You are currently viewing വാഹന വിൽപ്പനക്കാരനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വാഹന വിൽപ്പനക്കാരനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇരിങ്ങാലക്കുട: വാഹന വിൽപ്പനക്കാരനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട ആസാദ് റോഡിലെ കുറ്റിക്കാടൻ വീട്ടിൽ ജോസ് (57) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഗാന്ധിഗ്രാമിലെ മുല്ലക്കാട് അങ്കണവാടിക്ക് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ ജോസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് നാല് മണിയോടെ തന്നെ കാർ ഇവിടെ നിർത്തിയ നിലയിൽ കണ്ടതായി പരിസരവാസികൾ പൊലീസിനെ അറിയിച്ചു. കാർ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.

ആറ് മാസമായി ഗാന്ധിഗ്രാമിന് സമീപം മുല്ലക്കാട് പ്രദേശത്ത് ജോസും കുടുംബവും വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി കാറിന്റെ ഡോർ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

കാറിനുള്ളിൽ നിന്ന് പിസ്റ്റലും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇടത് നെഞ്ചിൽ ആഴത്തിലുള്ള വെടിയേറ്റ പാടുണ്ടെന്നും സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തതാകാമെന്നുമാണ് പ്രാഥമിക നിഗമനം.

അന്യസംസ്ഥാനങ്ങളിൽ നിന്ന് വാഹനങ്ങൾ കൊണ്ടുവന്ന് വിൽക്കുകയും വാടകയ്ക്ക് നൽകുകയും ചെയ്യുന്നതായിരുന്നു ജോസിന്റെ തൊഴിൽ. മൃതദേഹം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ഭാര്യ: പ്രീതി.
മകൻ: ജെഫ്രിൻ.

Leave a Reply