
ആലപ്പുഴ: മുതിർന്ന സിപിഎം നേതാവും മുൻ പൊതുമരാമത്ത് മന്ത്രിയുമായ ജി. സുധാകരൻ അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. സിപിഎമ്മുമായി ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

ആലപ്പുഴയിലെ സ്വന്തം വസതിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്. അമ്പലപ്പുഴ മണ്ഡലത്തിൽ ജനപിന്തുണയോടെ മത്സരിക്കുമെന്ന് പറഞ്ഞ സുധാകരൻ, “എത്ര പേർ എന്റെ കൂടെയുണ്ടെന്ന് കാണിച്ചു തരാം” എന്ന നിലപാടും പ്രകടിപ്പിച്ചു.
സമീപകാലത്ത് സിപിഐ(എം)അംഗത്വം പുതുക്കാത്തതും സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനം ഉയർത്തിയതുമാണ് പാർട്ടിയുമായുള്ള തർക്കത്തിന് കാരണമായത്. ഇതിനെത്തുടർന്ന് പാർട്ടി നേതൃത്വം അദ്ദേഹത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രശ്നം പരിഹരിക്കപ്പെടാതെ തുടരുകയായിരുന്നു.
അതേസമയം, സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയാണെങ്കിൽ യുഡിഎഫ്t പിന്തുണ നൽകാൻ സാധ്യതയുണ്ടെന്ന രാഷ്ട്രീയ സൂചനകളും പുറത്തുവരുന്നുണ്ട്. ഇതോടെ അമ്പലപ്പുഴ മണ്ഡലത്തിലെ രാഷ്ട്രീയ മത്സരം കൂടുതൽ വാശിയേറിയതാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.