
ഡയറി കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിൽ അംഗങ്ങളല്ലാത്ത പാൽ ഉൽപാദകരും സ്വതന്ത്ര പാൽ വിൽപ്പനക്കാരും അവരുടെ ഭക്ഷ്യ ബിസിനസ്സ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനോ തുടരുന്നതിനോ മുമ്പ് നിർബന്ധിത രജിസ്ട്രേഷനോ ലൈസൻസോ നേടണമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഒരു നിർദ്ദേശം പുറപ്പെടുവിച്ചു.

രാജ്യത്തുടനീളമുള്ള നിരവധി പാൽ ഉൽപാദകരും വിൽപ്പനക്കാരും നിലവിൽ സ്വയം രജിസ്റ്റർ ചെയ്യാതെയോ ,ലൈസൻസ് നേടാതെയോ പാൽ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട ബിസിനസ്സ് പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ടെന്ന് എഫ്എസ്എസ്എഐ നിരീക്ഷിച്ചതായി ഉപദേശത്തിൽ പറഞ്ഞു. ശരിയായ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നത് ഭക്ഷ്യ സുരക്ഷാ ചട്ടങ്ങളുടെ ലംഘനമാണെന്ന് റെഗുലേറ്റർ ഊന്നിപ്പറഞ്ഞു.
രജിസ്ട്രേഷൻ, ലൈസൻസിംഗ് ആവശ്യകതകൾ കർശനമായി പാലിക്കണമെന്ന് എഫ്എസ്എസ്എഐ ആവശ്യപ്പെടുകയും അത്തരം എല്ലാ പാൽ ഉൽപാദകർക്കും വിൽപ്പനക്കാർക്കും സാധുവായ എഫ്എസ്എസ്എഐ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റോ ലൈസൻസോ ഉണ്ടെന്ന് പരിശോധിക്കാൻ ബന്ധപ്പെട്ട ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരോട് നിർദ്ദേശിക്കുകയും ചെയ്തു.
എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അവരുടെ അധികാരപരിധിക്കുള്ളിൽ പ്രത്യേക രജിസ്ട്രേഷൻ ഡ്രൈവുകൾ നടത്താൻ അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. മേഖലയിൽ പ്രവർത്തിക്കുന്ന ഓരോ പാൽ ഉൽപാദകനും വിൽപ്പനക്കാരനും ആവശ്യമായ എഫ്എസ്എസ്എഐ രജിസ്ട്രേഷൻ അല്ലെങ്കിൽ ലൈസൻസ് നേടുന്നുണ്ടെന്നും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.