
മൂവാറ്റുപുഴ: മാസങ്ങളോളം നീണ്ട കാത്തിരിപ്പിനും പ്രാർത്ഥനകൾക്കും ഒടുവിൽ വിരാമമായി. ന്യൂസീലൻഡ് കടലിൽ കാണാതായ മൂവാറ്റുപുഴ ലബ്ബക്കടവ് ചെമ്പകത്തിനാൽ ഫെർസിൽ ബാബു (36) മരണപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. കടലിൽ നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ ഫെർസിലിന്റേതാണെന്ന് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞതായി ന്യൂസീലൻഡ് പൊലീസ് ബന്ധുക്കളെ അറിയിച്ചു.

2024 മേയ് 1-ന് ന്യൂസീലൻഡിലെ ഫങ്കാരെ ഹെഡ്‌സിലെ തൈഹരൂർ കടലിടുക്കിൽ റോക്ക് ഫിഷിങ്ങിനിടെയാണ് അപകടം സംഭവിച്ചത്. ഫെർസിൽ ബാബുവും ആലപ്പുഴ നെടുമുടി സ്വദേശി ശരത് കുമാർ (37)യും തീരത്തെ പാറക്കെട്ടിൽ നിന്ന് മീൻപിടിക്കുമ്പോൾ കടലിൽ വീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ ശരത് കുമാറിന്റെ മൃതദേഹം കണ്ടെത്തിയെങ്കിലും ഫെർസിലിനായുള്ള തിരച്ചിൽ മാസങ്ങളോളം ഫലം കണ്ടിരുന്നില്ല.
അടുത്തിടെ അപകടം നടന്ന സ്ഥലത്തിന് സമീപം ഒരു മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് അത് ഫെർസിലിന്റേതാകാമെന്ന സംശയത്തിൽ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു. മാർച്ച് 6-നാണ് പരിശോധനാഫലം ലഭിച്ചത്. അതോടെയാണ് ഫെർസിലിന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ദുബായിൽ ജോലി ചെയ്തിരുന്ന ഫെർസിൽ 2023 ജനുവരിയിലാണ് തിരുവല്ല സ്വദേശിനിയും ന്യൂസീലൻഡിൽ നഴ്സുമായ ആഷ്‌ലിയെ വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം ന്യൂസീലൻഡിലെത്തിയ അദ്ദേഹം വർക്ക് പെർമിറ്റ് ലഭിച്ച് പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് ദുരന്തം സംഭവിച്ചത്.
മൂവാറ്റുപുഴ ലബ്ബക്കടവ് ചെമ്പകത്തിനാൽ ബാബു ജോർജിന്റെയും ലൈലയുടെയും മകനാണ് ഫെർസിൽ ബാബു.