
ന്യൂഡൽഹി: ദേശീയ പാതകളിലെ ടോൾ പേയ്‌മെന്റ് സംവിധാനമായ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഫാസ്റ്റ് ടാഗ് വാർഷിക പാസിന്റെ വാർഷിക ഫീസ് വർദ്ധിപ്പിച്ചതായി പ്രഖ്യാപിച്ചു. നിലവിൽ 3000 രൂപയായിരുന്ന ഫീസ് 2026-27 സാമ്പത്തിക വർഷത്തിൽ 3075 രൂപയായി പരിഷ്കരിച്ചു.

75 രൂപയുടെ വർധന അടുത്ത മാസം ഒന്നാം തീയതി മുതൽ പ്രാബല്യത്തിൽ വരുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അറിയിച്ചു.
ദേശീയ പാതകളും ദേശീയ എക്‌സ്പ്രസ് വേകളും ഉൾപ്പെടെ രാജ്യത്തെ ആയിരത്തിലധികം ടോൾ പ്ലാസകളിൽ പുതുക്കിയ നിരക്ക് ബാധകമാകും. സാധുവായ ഫാസ്റ്റ് ടാഗുള്ള വാണിജ്യേതര വാഹനങ്ങൾക്ക് വാർഷിക പാസ് സൗകര്യം ലഭ്യമാകും.
ഫീസ് അടച്ചുകഴിഞ്ഞാൽ, ഫാസ്റ്റ് ടാഗ് വാർഷിക പാസ് സംവിധാനത്തിന്റെ ഉപയോക്താക്കൾക്ക് ഒരു വർഷത്തേക്കോ 200 ടോൾ പ്ലാസകൾ കടക്കുന്നതുവരെയോ ആവർത്തിച്ച് ടോൾ റീചാർജ് ചെയ്യേണ്ടതില്ല. സാധുവായ ഫാസ്റ്റ് ടാഗ് ഉള്ള എല്ലാ വാണിജ്യേതര വാഹനങ്ങൾക്കും ഈ പാസ് ബാധകമാണ്.