You are currently viewing തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിച്ചത് യുഡിഎഫിന്റെ പ്രചാരണത്തെ  അട്ടിമറിക്കാൻ: കെ.സി. വേണുഗോപാൽ

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിച്ചത് യുഡിഎഫിന്റെ പ്രചാരണത്തെ അട്ടിമറിക്കാൻ: കെ.സി. വേണുഗോപാൽ

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിച്ചതിലൂടെ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും തിരഞ്ഞെടുപ്പ് പ്രചാരണം അട്ടിമറിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആരോപിച്ചു. ഇന്ന് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഈ വിമർശനം ഉന്നയിച്ചത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിച്ചതിന്റെ ഫലമായി സ്ഥാനാർത്ഥികൾക്ക് പ്രചാരണം നടത്താൻ ലഭിക്കുന്നത് ഏകദേശം 10–11 ദിവസങ്ങൾ മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്രയും കുറച്ച് ദിവസങ്ങൾ മാത്രമുള്ള പ്രചാരണകാലം സ്ഥാനാർത്ഥികളെയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ദുഃഖവെള്ളി, ഈസ്റ്റർ, വിഷു പോലുള്ള പ്രധാന വിശേഷദിവസങ്ങൾ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ദിവസങ്ങളിൽ പ്രചാരണം നടത്തുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്നും, ഈ സാഹചര്യങ്ങൾ കണക്കിലെടുക്കാതെയാണ് തിരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചതെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, വോട്ടെടുപ്പ് നേരത്തെ നടത്തുമ്പോഴും വോട്ടെണ്ണൽ മെയ് 4-നാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വോട്ടെടുപ്പിനും വോട്ടെണ്ണലിനും ഇടയിൽ ഇത്രയും വലിയ ഇടവേള എന്തിനാണെന്നും, കേരളത്തിലെ തിരഞ്ഞെടുപ്പ് ഇത്ര നേരത്തെ നടത്തേണ്ട ആവശ്യമെന്താണെന്നും അദ്ദേഹം ചോദിച്ചു.
കൂടാതെ, ഇലക്ഷൻ കമ്മീഷൻ ബിജെപി സർക്കാരിന് അനുകൂലമായി പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ഈ വെല്ലുവിളികൾക്കിടയിലും യുഡിഎഫ് ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും, കേരളത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply