
മലപ്പുറം: നിലമ്പൂർ കരുളായിയിൽ കുടുംബ തർക്കത്തെ തുടർന്ന് അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു. ചെട്ടികുണ്ടുങ്ങൽ പുളിക്കത്തടത്തിൽ താമസിക്കുന്ന രജില (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അമ്മായിയമ്മ ശാന്തയെ പൂക്കോട്ടുംപാടം പൊലീസ് കസ്റ്റഡിയിലെടുത്തു.

ചായ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവം വഴിവച്ചതെന്ന് പൊലീസ് അറിയിച്ചു. തർക്കം രൂക്ഷമായതിനെ തുടർന്ന് ശാന്ത വെട്ടിയതായാണ് പ്രാഥമിക വിവരം.
സ്വന്തം മക്കളുടെ കൺമുന്നിൽ വെച്ചാണ് രജിലയ്ക്ക് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ രജില നിലത്തുവീണ ശേഷം മക്കളോട് വെള്ളം ചോദിച്ചെങ്കിലും അത് കുടിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചതായി നാട്ടുകാർ പറഞ്ഞു. റെജിലയുടെ ഭർത്താവ് ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നത്
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൂക്കോട്ടുംപാടം പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്.