
തിരുവനന്തപുരം: 2026 നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടു കോൺഗ്രസിൽ നിർണായക തീരുമാനം. നിലവിലെ എംപിമാർ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന നിലപാടിലാണ് പാർട്ടി ഹൈക്കമാൻഡ് എത്തിയിരിക്കുന്നത്.

ഈ തീരുമാനത്തിന്റെ ഭാഗമായി കെ സുധാകരൻ, അടൂർ പ്രകാശ് എന്നിവർക്ക് ഇത്തവണ നിയമസഭാ സീറ്റ് ലഭിക്കില്ലെന്നാണ് സൂചന. പാർട്ടിയിലെ നിരവധി എംപിമാർ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും, അവസാന ഘട്ടത്തിൽ ഹൈക്കമാൻഡ് ഇതിൽ നിയന്ത്രണം കൊണ്ടുവന്നതാണ് റിപ്പോർട്ടുകൾ.
പുതിയ മുഖങ്ങൾക്ക് അവസരം നൽകുക, സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തുക, കൂടാതെ പാർലമെന്റിലെ പ്രവർത്തനം തടസപ്പെടാതിരിക്കാനുമാണ് ഈ തീരുമാനമെന്ന് നേതൃവൃത്തങ്ങൾ വ്യക്തമാക്കി. എംപിമാരെ നിയമസഭയിലേക്ക് മാറ്റുന്നത് പാർട്ടിക്ക് രാഷ്ട്രീയമായ പ്രതിസന്ധി സൃഷ്ടിക്കാമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
അതേസമയം, ചില മണ്ഡലങ്ങളിൽ വിജയസാധ്യത പരിഗണിച്ച് പ്രത്യേക ഇളവുകൾ അനുവദിക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ടെങ്കിലും, ഔദ്യോഗികമായി എംപിമാർ മത്സരിക്കില്ലെന്ന നിലപാടിലാണ് ഇപ്പോൾ കോൺഗ്രസ് നേതൃത്വം.