You are currently viewing എൽപിജി പ്രതിസന്ധി: ഇന്ത്യ യുഎസിൽ നിന്ന് എൽപിജി  ഇറക്കുമതി വർദ്ധിപ്പിച്ചു

എൽപിജി പ്രതിസന്ധി: ഇന്ത്യ യുഎസിൽ നിന്ന് എൽപിജി ഇറക്കുമതി വർദ്ധിപ്പിച്ചു

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഉയർന്ന സംഘർഷാവസ്ഥയെ തുടർന്ന് ഹോർമുസ് കടലിടുപ്പിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ ഉണ്ടായ തടസ്സങ്ങൾ ഇന്ത്യയുടെ എൽപിജി ഇറക്കുമതി മാതൃകയിൽ വലിയ മാറ്റത്തിന് കാരണമായി. പുതിയ കണക്കുകൾ പ്രകാരം, അമേരിക്കയിൽ നിന്നുള്ള എൽപിജി കയറ്റുമതികൾ ആദ്യമായി ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിതരണത്തെ മറികടന്നിരിക്കുകയാണ്.

എസ് & പി ഗ്ലോബൽ (S&P Global) ഉൾപ്പെടെയുള്ള വ്യവസായ റിപ്പോർട്ടുകൾ അനുസരിച്ച്, 2026 മാർച്ച് 19ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയിലെത്തിയ എൽപിജിയിൽ ഏകദേശം 1.76 ലക്ഷം ടൺ യു.എസ്. ഉൾപ്പെടെയുള്ള പകരം വിതരണ ഉറവിടങ്ങളിൽ നിന്നാണ് ലഭിച്ചത്. അതേസമയം ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിതരണം ഏകദേശം 89,000 ടണ്ണായി കുറഞ്ഞു. ഇതോടെ മൊത്തം ഇറക്കുമതിയിൽ ഗൾഫിന്റെ പങ്ക് ഏകദേശം 34 ശതമാനമായി താഴ്ന്നു.

മുമ്പ് ഇന്ത്യയുടെ എൽപിജി ഇറക്കുമതികളിൽ 90 മുതൽ 95 ശതമാനം വരെ പങ്ക് ഗൾഫ് രാജ്യങ്ങൾക്കായിരുന്നു. എന്നാൽ ഹോർമുസ് കടലിടുക്കിലെ സുരക്ഷാ പ്രശ്നങ്ങൾ, കപ്പൽ ആക്രമണ ഭീഷണി, ഉയർന്ന ഇൻഷുറൻസ് ചെലവ് എന്നിവ കാരണം ഈ വിതരണ ശൃംഖല തകർച്ച നേരിടുകയാണ്. റോയിറ്റേഴ്സ് റിപ്പോർട്ട് പ്രകാരം, ഈ പ്രതിസന്ധി ഇന്ത്യയുടെ എൽപിജി ഉപഭോഗത്തെയും ബാധിച്ചിട്ടുണ്ടെന്നും ചില പ്രദേശങ്ങളിൽ ആവശ്യക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പറയുന്നു.

ഇതിനിടെ, ഇന്ത്യയുടെ എണ്ണ വിപണന കമ്പനികൾ അമേരിക്കയിൽ നിന്നുള്ള എൽപിജി ഇറക്കുമതി വർധിപ്പിച്ചിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം, 2026 വർഷം മുഴുവൻ യു.എസ്.യിൽ നിന്നുള്ള എൽപിജി ഇറക്കുമതി ഏകദേശം 2.2 ദശലക്ഷം ടണ്ണായി ഉയരുമെന്നാണു പ്രതീക്ഷിക്കുന്നത്.

എന്നാൽ ഈ മാറ്റം ചില വെല്ലുവിളികൾ സൃഷ്ടിക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള എൽപിജി കപ്പലുകൾ സാധാരണയായി 10–12 ദിവസത്തിനുള്ളിൽ എത്തുമ്പോൾ, അമേരിക്കയിൽ നിന്ന് എത്താൻ 35–40 ദിവസത്തോളം എടുക്കുന്നു. കൂടാതെ ഗതാഗത ചെലവും ഉയർന്നതാണ്. എന്നിരുന്നാലും, ആഭ്യന്തര ആവശ്യങ്ങൾ—പ്രത്യേകിച്ച് ഗൃഹോപയോഗ ഗ്യാസ്—നിറവേറ്റുന്നതിനായി ഈ നീക്കം അനിവാര്യമാണെന്നാണ് സർക്കാരിന്റെ നിലപാട്.

വിദഗ്ധർ വിലയിരുത്തുന്നത്, ഈ പ്രതിസന്ധി നീണ്ടുനിൽക്കുകയാണെങ്കിൽ, ഇന്ത്യയുടെ എൽപിജി ഇറക്കുമതി തന്ത്രത്തിൽ ദീർഘകാല മാറ്റത്തിന് ഇത് വഴിവെക്കുമെന്നും, അമേരിക്ക പോലുള്ള പകരം വിപണികളിലേക്കുള്ള ആശ്രയം സ്ഥിരമാകാനും സാധ്യതയുണ്ടെന്നും ആണ്.

Leave a Reply