You are currently viewing മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജി സുധാകരന്റെ രൂക്ഷ വിമർശനം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജി സുധാകരന്റെ രൂക്ഷ വിമർശനം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുൻ മന്ത്രി ജി സുധാകരൻ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ‘ചെറ്റ’ എന്ന പദപ്രയോഗത്തെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിലാണ് സുധാകരന്റെ പ്രതികരണം.

മുഖ്യമന്ത്രി തന്നെ ‘ചെറ്റ’ എന്ന് വിളിച്ചതിൽ താൻ അഭിമാനം കൊള്ളുന്നുവെന്ന് സുധാകരൻ പറഞ്ഞു. “ചെറ്റപ്പുരയും ചെറ്റക്കുടിലും പാവപ്പെട്ടവരുടെ വീടുകളാണ്. ‘ചെറ്റ’ എന്നത് അടിസ്ഥാനവർഗത്തിന്റെ പുരയെയാണ് സൂചിപ്പിക്കുന്നത്. ആ ചെറ്റപ്പുരയെയാണ് മുഖ്യമന്ത്രി ആക്ഷേപിച്ചത്,” അദ്ദേഹം പറഞ്ഞു.

18 വയസ്സ് വരെ താൻ ഓലമേഞ്ഞ ചെറ്റപ്പുരയിലാണ് താമസിച്ചതെന്നും, ആ ജീവിത പശ്ചാത്തലത്തെ അവഹേളിക്കുന്ന തരത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശമെന്നും സുധാകരൻ ആരോപിച്ചു. മുഖ്യമന്ത്രിക്ക് മലയാളഭാഷയുടെ അർത്ഥഭേദങ്ങൾ മനസ്സിലാക്കാനാകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

തുടർന്ന് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിജയത്തെയും സുധാകരൻ ചോദ്യം ചെയ്തു. “ആർ നിന്നാലും ജയിക്കുന്ന മണ്ഡലത്തിൽ നിന്നാണ് ഒമ്പത് തവണ അദ്ദേഹം വിജയിച്ചത്. ആലപ്പുഴ പോലെയല്ല കണ്ണൂർ; അവിടെ ഇതുവരെ ആരും തോറ്റിട്ടില്ല. അതുകൊണ്ടാണ് മുഖ്യമന്ത്രിയും ജയിച്ചത്,” സുധാകരൻ പറഞ്ഞു.

സുധാകരന്റെ പരാമർശങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ വീണ്ടും വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.

Leave a Reply