
ചന്നപട്ടണ (കർണാടക):
പി.കെ. ട്രാവൽസ് നടത്തുന്ന സ്വകാര്യ സ്ലീപ്പർ ബസ് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് നാല് മലയാളികൾ മരിച്ചു. കോഴിക്കോട് നിന്ന് ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന ബസ് തിങ്കളാഴ്ച പുലർച്ചെ ഏകദേശം 4:10 ഓടെ ചന്നപട്ടണയ്ക്ക് സമീപമുള്ള സങ്കലഗേരെ ഗ്രാമത്തിന് സമീപമാണ് അപകടത്തിൽപ്പെട്ടത്.

ആദ്യ റിപ്പോർട്ടുകൾ പ്രകാരം ഡ്രൈവർക്ക് ഉറക്കം വന്നതിനെ തുടർന്ന്, വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ബസ് റോഡ് ഡിവൈഡറിലും സൈഡ് റെയിലിംഗിലും ഇടിച്ച ശേഷം മറിഞ്ഞുവീണു. അപകടത്തിൽ ബസിന് ഗൗരവമായ നാശനഷ്ടങ്ങളും മനുഷ്യഹാനിയും സംഭവിച്ചു.പെരുന്നാൾ ആഘോഷം കഴിഞ്ഞ് ബംഗളൂരുവിലെ ജോലി സ്ഥലത്തേക്കും കോളജുകളിലേക്കും പോകുന്നവരായിരുന്നു ബസിൽ ഉണ്ടായിരുന്നവരിൽ അധികവും.
മരിച്ചവർ കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ (22), മാഹി സ്വദേശി സുൽഫിക്കർ അഥവാ സുൽഫി (45), ബെംഗളൂരു കലാസിപാളയം സ്വദേശി റഷീദ് (45),ബെംഗളൂരു അനേപാളയം സ്വദേശി സക്കിർ (27) എന്നിവരാണ്.
അപകടത്തിൽ കണ്ണൂർ സ്വദേശികളായ അബ്ദുൽ, ആലൻ എന്നിവർക്ക് പരിക്കേറ്റു. ഇവരെ മൈസൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ ചികിത്സയിൽ തുടരുകയാണ്.
സംഭവത്തെക്കുറിച്ച് ചന്നപട്ടണ ട്രാഫിക് പോലീസ്അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ