You are currently viewing ബാർ ലൈസൻസുകൾ പുതുക്കുന്നതിൽ വൻ അഴിമതി നടന്നതായി കെ സി വേണുഗോപാൽ

ബാർ ലൈസൻസുകൾ പുതുക്കുന്നതിൽ വൻ അഴിമതി നടന്നതായി കെ സി വേണുഗോപാൽ

തിരുവനന്തപുരം — എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കേരളത്തിലെ എൽഡിഎഫ് സർക്കാരിനെതിരെ ബാർ ലൈസൻസുകൾ പുതുക്കുന്നതിൽ വൻ അഴിമതി നടന്നതായി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. നടപടിക്രമങ്ങൾ ലംഘിച്ചും പരസ്യതയില്ലാതെയും ഈ പ്രക്രിയ നടപ്പാക്കിയതായാണ് അദ്ദേഹം ആരോപിച്ചു.

കേന്ദ്ര ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷൻ പ്രക്രിയ പൂർത്തിയാകുന്നതിന് മുൻപേ തന്നെ ബാർ ലൈസൻസുകൾ പുതുക്കിയതിലൂടെ നിയമലംഘനങ്ങൾ ഉണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകദേശം 200ഓളം ബാറുകളുടെ ലൈസൻസുകൾ നീട്ടിക്കൊടുത്തതായും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ പോലും പ്രസിദ്ധീകരിച്ചിട്ടില്ലെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.

ലൈസൻസ് പുതുക്കുന്നതിനായി ബാർ ഉടമകളിൽ നിന്ന് കോടികൾ കൈക്കൂലി വാങ്ങിയതായും ആ തുക തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നതായും കെസി വേണുഗോപാൽ ആരോപിച്ചു. ഇത് സംസ്ഥാനത്ത് ഇതുവരെ കണ്ട ഏറ്റവും വലിയ അഴിമതികളിൽ ഒന്നാണെന്നും ബാറുകളുടെ പ്രവർത്തനസമയം കൂട്ടിയതിനെക്കാൾ വലിയ വിവാദമാണിതെന്നും അദ്ദേഹം വിമർശിച്ചു.

ഈ ആരോപണങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. കെ.സി. വേണുഗോപാലിന്റെ പ്രസ്താവന കോൺഗ്രസ് പാർട്ടിയുടെ രാഷ്ട്രീയ സംസ്കാരത്തിന്റെ പ്രതിഫലനമാണെന്നും ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply