
എം.കെ. മുനീറിന്റെ കടബാധ്യത തീർത്ത് മുസ്ലിം ലീഗ് നേതൃത്വം രംഗത്തെത്തി. ജപ്തി നടപടികൾ ഒഴിവാക്കുന്നതിനായി 49 ലക്ഷം രൂപ ബാങ്കിൽ അടച്ചു. കഴിഞ്ഞ ദിവസം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും മുനീറുമായി ഫോണിൽ ബന്ധപ്പെടുകയും പ്രശ്നത്തിൽ ഇടപെടാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.

ജപ്തി ഭീഷണി നേരിട്ടിരുന്ന മുനീറിന് വീട് നഷ്ടമാകില്ലെന്ന് ലീഗ് നേതാക്കൾ വ്യക്തമാക്കി. വിഷയത്തിൽ പാർട്ടി ഇടപെട്ടിട്ടുണ്ടെന്നും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു.
പാർട്ടി നേതാക്കൾ ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിച്ചതായി മുനീർ പറഞ്ഞു. “പാർട്ടിയെ ബുദ്ധിമുട്ടിക്കണ്ടെന്ന നിലപാടിൽ ഇതുവരെ ഞാൻ കാര്യങ്ങൾ അറിയിച്ചിരുന്നില്ല. ബാങ്ക് 31 വരെ സമയം നൽകിയിരുന്നു. അതിനകം അടച്ചില്ലെങ്കിൽ നടപടിയുണ്ടാകുമായിരുന്നു. പാർട്ടി പിന്തുണ നൽകിയതിനാൽ ആശ്വാസമുണ്ട്. എന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം പാർട്ടിയാണ് എനിക്കൊപ്പമുണ്ടായിരുന്നത്,” എന്നും അദ്ദേഹം പ്രതികരിച്ചു.
വീട് നവീകരണത്തിനായി ടൗൺ സർവീസ് സഹകരണ ബാങ്കിൽ നിന്ന് 35 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ പലിശയോടെ തുക 58 ലക്ഷമായി ഉയർന്നു. പിന്നീട് ബാങ്ക് ഇളവുകൾ നൽകി കുടിശ്ശിക 49 ലക്ഷമായി കുറയ്ക്കുകയായിരുന്നു. നിലവിൽ വായ്പ അടയ്ക്കാൻ മുനീറിന്റെ കുടുംബം സന്നദ്ധത പ്രകടിപ്പിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.