
വാഷിംഗ്ടൺ ഡി.സി: നിലവിലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഒപ്പ് ഉടൻ യുഎസ് പേപ്പർ കറൻസിയിൽ ഉൾപ്പെടുത്താൻ അമേരിക്കൻ ട്രഷറി തീരുമാനിച്ചു. 1861-ൽ ആധുനിക ഡോളർ നോട്ടുകൾ അവതരിപ്പിച്ചതിന് ശേഷം നിലവിലെ പ്രസിഡന്റിന്റെ ഒപ്പ് കറൻസിയിൽ ഉൾപ്പെടുത്തുന്നത് ഇതാദ്യമായിരിക്കും.

അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഈ തീരുമാനം എടുത്തതാണ്. സാധാരണയായി യുഎസ് കറൻസിയിൽ ട്രഷറി സെക്രട്ടറിയുടെയും ട്രഷററുടെയും ഒപ്പുകളാണ് ഉണ്ടായിരുന്നത്. അതിൽ നിന്ന് വ്യത്യസ്തമായ ഒരു ചരിത്രപരമായ നീക്കമാണ് ഇതെന്നാണ് വിലയിരുത്തൽ.
അമേരിക്കൻ ട്രഷറർ ബ്രാൻഡൻ ബീച്ച് സോഷ്യൽ മീഡിയയിലൂടെ ഈ വിവരം സ്ഥിരീകരിച്ചു. പ്രസിഡന്റ് ട്രംപിന്റെ ഒപ്പിനൊപ്പം ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്റിന്റെയും ഒപ്പ്കറൻസിയിൽ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രതീകാത്മകമായ നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ട്രംപിന്റെ ചിത്രം ഉൾപ്പെടുത്തിയ 24 കാരറ്റ് സ്വർണ്ണ സ്മാരക നാണയത്തിന്റെ അന്തിമ രൂപകൽപ്പനക്കും ഫെഡറൽ ആർട്സ് കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്.
ഈ പ്രഖ്യാപനം ചരിത്രകാരന്മാരുടെയും നയവിദഗ്ധരുടെയും ഇടയിൽ വ്യാപകമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. നിലവിലെ പ്രസിഡന്റിന്റെ ഒപ്പ് കറൻസിയിൽ ഉൾപ്പെടുത്തുന്നത് അപൂർവവും ചരിത്രപരമായ പ്രാധാന്യമുള്ളതുമാണെന്നാണ് വിലയിരുത്തൽ.