
ഷാർജ: ഷാർജയിൽ കഫറ്റീരിയ തൊഴിലാളി സഹപ്രവർത്തകന്റെ കുത്തേറ്റു മരിച്ചു. ഷാർജയിലെ ബുത്നിയയിലാണ് ദാരുണ സംഭവം നടന്നത്

ഷാർജയിലെ ഒരു കഫ്തീരിയയിൽ വർഷങ്ങളായി ജോലി ചെയ്തുവരികയായിരുന്നു നിഷാദ്. സഹപ്രവർത്തകനുമായുണ്ടായ ചെറിയ വാക്കേറ്റം അപ്രതീക്ഷിതമായി സംഘർഷത്തിലേക്ക് വഴിമാറി. തുടർന്ന് ഉണ്ടായ കൈയാങ്കളിക്കിടെ നിഷാദിന് ഗുരുതരമായി പരിക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
താമരശ്ശേരി ചാലക്കര സ്വദേശിയായ നിഷാദ്, പരേതനായ അബൂബക്കറിന്റെ മകനാണ്. കുടുംബത്തിന്റെ ഭാവിക്കായി സ്വപ്നങ്ങളുമായി വിദേശത്തേക്ക് പോയ യുവജീവിതം ഇങ്ങനെ ദാരുണമായി അവസാനിച്ചതിൽ നാട്ടിലും പ്രവാസി സമൂഹത്തിലും വലിയ ദുഃഖമാണ്.
സംഭവത്തിൽ പ്രതിയായ കരുവമ്പൊയിൽ സ്വദേശി ഷമീറിനെ ഷാർജ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. നിഷാദിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു.